ഫോമിലേക്ക് തിരിച്ചെത്താൻ ക്രിസ്റ്റ്യാനോ; അവസാന ക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചുഗലും സ്വിറ്റ്‌സർലൻഡും
പ്രീക്വാർട്ടറിൽ അവസാന മത്സരത്തിൽ ഇന്ന് പോർച്ചുഗലും സ്വിറ്റ്സർലാൻഡും തമ്മിൽ നേരിടുമ്പോൾ കായിക ലോകം ഉറ്റു നോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്കായിരിക്കുമെന്നതിൽ സംശയമില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഘാനക്കെതിരെ ഒരു പെനാൽറ്റി ഗോളോടെ അഞ്ചു ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും അതിനു ശേഷം ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ ഇതിനു മറുപടി നൽകി റൊണാൾഡോക്ക് തിരിച്ചു വരവ് നടത്താൻ കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
മുപ്പത്തിയെട്ട്കാരനായ റൊണാൾഡോക്ക് ഈ സീസൺ അത്ര മികച്ചതായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ആദ്യ ഇലവനിൽ പല മത്സരങ്ങളിലും യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് റൊണാൾഡോയെ തഴഞ്ഞു. ഇതിന്റെ പേരിൽ താരം പരിശീലകനെതിരെ പരസ്യമായി തുറന്നടിക്കുന്നു സാഹചര്യം വരെയുണ്ടായി. തന്നെ കൈകാര്യം ചെയ്‌ത രീതിയിൽ അസ്വസ്ഥനായി ഒടുവിൽ ക്ലബിനെതിരെ രൂക്ഷമായ വിർശനം നടത്തി അവിടെ നിന്നും പടിയിറങ്ങിയ റൊണാൾഡോ ഒരു തിരിച്ചു വരവിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് ഫലം കാണാതെ പോവുന്നതാണ് ആരാധകരെയും ടീമിനെയും ഒരുപോലെ ചൊടുപ്പിക്കുന്നത്.
രൂക്ഷമായ വിമർശനങ്ങൾക്ക് നടുവിലും റൊണാൾഡോയെ ഇന്നത്തെ മത്സരത്തിൽ തുടക്കം തന്നെ ഇറക്കാൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് തയ്യാറാകുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. റൊണാൾഡോയെ കേന്ദ്രീകരിച്ച് കളി മെനയാൻ പോർച്ചുഗൽ ടീമും തയ്യാറാവാത്തത് പല സമയങ്ങളിലും കളിക്കളത്തിൽ കണ്ട കാഴ്ചയാണ്.
അതേസമയം ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനക്കാരായി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. 1938 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആദ്യമായി ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ സ്വിറ്റ്‌സർലൻഡ് 2-1 എന്ന സ്‌കോറിന് പോർച്ചുഗലിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യമായാണ് ഇരു ടീമുകളും ഒരു ലോകകപ്പ് നോക്ക് ഔട്ട് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടുന്നത്. 2018-19 നേഷൻസ് ലീഗ് സെമിയിൽ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച് കപ്പ് ഉയർത്തിയിരുന്നു.
ഇരു ടീമുകളും ഇതുവരെ 25 തവണ നേർക്കുനേർ മത്സരിച്ചപ്പോൾ 11 ജയം സ്വന്തമാക്കിയ സ്വിറ്റ്സർലാൻഡിനു തന്നെയാണ് നേരിയ മുൻതൂക്കം. 9 തവണ പോർച്ചുഗൽ വിജയിച്ചപ്പോൾ 5 മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു. ഇന്ന് കളത്തിലിറങ്ങുമ്പോൾ ഈ കണക്കുകളെല്ലാം ഇരു ടീമുകളുടെയും മനസ്സിലുണ്ടാവും. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം.