LogoLoginKerala

ബ്രസീലിനു വെല്ലുവിളിയാകാൻ സാധ്യതയുള്ള അഞ്ച് ടീമുകളെ വെളിപ്പെടുത്തി നെയ്മർ

 
neymar

ബ്രസീൽ പരിശീലകൻ ടിറ്റെ കഴിഞ്ഞ ദിവസം ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ടീമിന് വെല്ലുവിളിയാവാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ബ്രസീലിനു പ്രധാനമായും വെല്ലുവിളി ഉയർത്തുക അഞ്ചു ടീമുകളാണെന്നാണ് നെയ്‌മർ പറയുന്നത്. എസ്ക്വയറിനു നൽകിയ അഭിമുഖത്തിലാണ് നെയ്മറിന്റെ വെളിപ്പെടുത്തൽ.

നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ്, കോപ്പ അമേരിക്കയിൽ തങ്ങളെ കീഴടക്കി കിരീടം നേടിയ അർജന്റീന എന്നിവർക്കു പുറമെ ഇംഗ്ലണ്ട്, ജർമനി, ബെൽജിയം എന്നീ ടീമുകൾക്കാണ് നെയ്‌മർ സാധ്യത കൽപ്പിക്കുന്നത്. ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്തുള്ള ടീമുകളൊന്നും നെയ്മറിന്റെ സാധ്യത പട്ടികയിലില്ല. അതേസമയം മികച്ച സ്ക്വാഡുണ്ടെങ്കിലും ബ്രസീലിനു വെല്ലുവിളിയാകാൻ കഴിയുന്ന മറ്റു ടീമുകളും ഈ ലോകകപ്പിലുണ്ട്. ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ എല്ലാ ടീമുകളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കുമെന്നതു കൊണ്ട് ഓരോ മത്സരവും ഏറ്റവും കടുപ്പമേറിയതാവും.

കഴിഞ്ഞ കോപ്പ അമേരിക്കയിൽ സ്വന്തം രാജ്യത്ത് ഫൈനലിൽ തോറ്റെങ്കിലും ബ്രസീൽ ഏറ്റവും മികച്ച തയ്യാറെടുപ്പുകൾ തന്നെയാണ് ലോകകപ്പിനായി നടത്തിയത്. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടീം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി വഴങ്ങിയിട്ടുമില്ല. 2002ലാണ് ബ്രസീൽ അവസാനമായി ലോകകപ്പ് നേടുന്നത്. അതിനു ശേഷമുള്ള എല്ലാ ലോകകപ്പും യൂറോപ്യൻ ടീമുകളാണ് നേടിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം ലോകകിരീടത്തിൽ മുത്തമിടാനുള്ള ലക്ഷ്യത്തിലാവും ടിറ്റെയും സംഘവും കളത്തിലിറങ്ങുക.

സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നീ ടീമുകളാണ് ഗ്രൂപ്പ് ജിയിൽ ബ്രസീലിന്റെ കൂടെയുള്ളത്. ഈ ടീമുകൾക്കെല്ലാം ബ്രസീലിനു വെല്ലുവിളി സൃഷ്‌ടിക്കാൻ കഴിയും. അതുകൊണ്ടു തന്നെ ഗ്രൂപ്പ് ജേതാക്കളായി നോക്ക്ഔട്ടിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ ആത്മവിശ്വാസമുള്ള ബ്രസീൽ ടീമിനെയാകും കാണാൻ കഴിയുക.