അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത; സ്വപ്ന നേട്ടവുമായി നെതർലൻഡ് ക്രിക്കറ്റ് ടീം

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടി നൽകിയ നെതര്‍ലന്‍ഡിന് സ്വപ്ന നേട്ടം. 2024ല്‍ നടക്കുന്ന അടുത്ത ടി20 ലോകകപ്പിന് നേരിട്ടുളള യോഗ്യത നേടിയിരിക്കുകയാണ് നെതർലൻഡ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശ് പാക്കിസ്ഥാനോട് തോറ്റതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ജയം നെതര്‍ലന്‍ഡിന് അനുഗ്രഹമായി മാറിയത്. ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ നെതര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്തേക്ക് പോകുകയും പാകിസ്ഥാന്‍ ലോകകപ്പ് സെമി കാണാതെ പുറത്താകുകയും ചെയ്യുമായിരുന്നു. എന്നാൽ പാക് ജയത്തോടെ ഡച്ചുകാര്‍ നാലാം സ്ഥാനക്കാരായി അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി.
2024ല്‍ അമേരിക്കയിലും വിന്‍ഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഈ ലോകകപ്പിലാണ് യോഗ്യത റൗണ്ട് കളിക്കാതെ നേരിട്ട് നെതര്‍ലന്‍ഡിന് യോഗ്യത ലഭിച്ചിരിക്കുന്നത്. സിംബാബ്‌വെയും മറ്റു ടീമുകളും ഇനി അടുത്ത വര്‍ഷം ആഫ്രിക്കയില്‍ യോഗ്യതറൗണ്ട് കളിക്കണം. അടുത്ത ലോകകപ്പില്‍ 20 ടീമുകളാകും കളിക്കുക.
ഈ ലോകകപ്പിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ക്കാണ് അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത കിട്ടിയത്. ഗ്രൂപ്പ് രണ്ടില്‍ നാലാം സ്ഥാനക്കാരായിട്ടാണ് ഡച്ച് പട യോഗ്യത ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മല്‍സരം തുടങ്ങും മുമ്പ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു നെതര്‍ലന്‍ഡ്. എന്നാല്‍ അട്ടിമറി ജയത്തോടെ നെതര്‍ലന്‍ഡ് ഇന്ത്യയ്ക്കും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും പിന്നാലെ നാലാം സ്ഥാനത്തെത്തുകയായിരുന്നു.
അടുത്ത ലോകകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയ ടീമുകള്‍- വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ്.