LogoLoginKerala

കീറോൺ പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു; ബാറ്റിംഗ് പരിശീലകനായി മുംബൈ ഇന്ത്യൻസിൽ തുടരും

 
pollard

മുംബൈ: മുംബൈ ഇന്ത്യൻസിൻ്റെ എക്കാലത്തേയും മികച്ച ഓൾ റൗണ്ടറും കരീബീയൻ താരവുമായ കീറോൺ പൊള്ളാർഡ് ഐ.പി.എല്ലിൽ നിന്ന് വിരമിച്ചു. 12 വർഷത്തെ നീണ്ട ഐപിഎൽ കരിയറിനാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ടീമിൽ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈ ഇന്ത്യൻസിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ടുകൾ. 2010 മുതൽ 13 സീസണുകളിൽ മുംബൈ ജേഴ്‌സിയണിഞ്ഞ പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. അഞ്ച് ഐ.പി.എൽ, രണ്ട് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ ടീമിന്റെ നെടുന്തൂണായിരുന്നു കീറോൺ പൊള്ളാർഡ്.


മുംബൈ ഇന്ത്യൻസ് മറ്റൊരു പാതയിലൂടെ പോകാൻ തീരുമാനിച്ചെന്നും മറ്റൊരു ടീമിനു വേണ്ടി ഐപിഎൽ കളിക്കാൻ താത്പര്യമില്ലെന്നും പൊള്ളാർഡ് വാർത്താകുറിപ്പിൽ പറഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളിൽ ടീമിന്റെ വിശ്വസ്തനായ പൊള്ളാർഡ് രണ്ട് ഫൈനലുകളിൽ ചെന്നൈക്ക് കിരീടം നിഷേധിച്ച ഒറ്റയാൾ പോരാട്ടം പുറത്തെടുത്തിരുന്നു. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള പൊള്ളാർഡിൻ്റെ കഴിഞ്ഞ രണ്ട് സീസണുകളിലെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല.

polly

171 ഇന്നിംഗ്സുകളിൽ നിന്നായി 3412 റൺസാണ് പൊള്ളാർഡിന്റെ സമ്പാദ്യം. 16 അർദ്ധ സെഞ്ച്വറികൾ വാരിക്കൂട്ടിയ പൊള്ളാർഡ് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ മധ്യനിര ബാറ്റ്സ്മാനാണ്. ഒപ്പം ബൗളിങ്ങിൽ 69 വിക്കറ്റുകളും, 103 ക്യാച്ചുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ഒരു ടീമിനായി 100 ലധികം മത്സരം കളിക്കുന്ന അപൂർവ്വം താരങ്ങളിലൊരാളാണ് പൊള്ളാർഡ്. ഒട്ടേറെ മികച്ച ഇന്നിംഗ്സുകൾ കാഴ്ച വെച്ചിട്ടുള്ള താരം കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ അമ്പയർമാരുടെ താക്കീതിനും വിധേയനായിട്ടുണ്ട്.

അതേസമയം പൊള്ളാർഡിനൊപ്പം വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലൻ, ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ്, ഇന്ത്യൻ താരങ്ങളായ മായങ്ക് മാർക്കണ്ഡെ, ഹൃതിക് ഷോകീൻ എന്നിവരെയും മുംബൈ റിലീസ് ചെയ്തു. എന്നാൽ ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തിച്ചു. 2018 മുതൽ 2020 വരെ മുംബൈ ഇന്ത്യൻസിലുണ്ടായിരുന്ന ബെഹ്റൻഡോർഫ് 2019ൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മുംബൈക്കായി അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. മലയാളി താരം ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസ് നിലനിർത്തുകയും ചെയ്തിട്ടുണ്ട്.