മിശിഹാ വിജയമാഘോഷിച്ചത് രക്ഷകനായ എമി മാര്‍ട്ടിസിനൊപ്പം: വൈറലായി വൈകാരിക നിമിഷങ്ങള്‍
തീപാറിയ അര്‍ജെന്റീന-നെതര്‍ലാന്ഡ്‌സ് ക്വാര്‍ട്ടര്‍ പോരാട്ടം, ഓരോ നിമിഷവും ഹൃദയമിടിപ്പോടെ കളി കണ്ട ആരാധകര്‍, കളിയുടെ തുടക്കം മുതലേ ആക്രമണ മത്സരം കാഴ്ച്ച വെച്ച നീലപ്പടയ്ക്ക് ആശ്വാസമുണര്‍ത്തുന്നതായിരുന്നു ആദ്യ പകുതിയിലെ മൊളീനയുടെ കാലില്‍ നിന്നു പിറന്ന ഗോള്‍. മെസ്സിയുടെ പാസില്‍ നിന്നും പന്ത് കാലിലെത്തിച്ച് ഗോളാക്കിയ നിമിഷം. പിന്നീട് പെനാല്‍റ്റി മിസ്സാക്കാതെ മിശിഹായും ഗോള്‍ വല കുലുക്കിയതോടെ ഓറഞ്ച് പട പ്രതിരോധത്തിലാഴ്ന്നിരുന്നു. പിന്നീടങ്ങോട്ട് തീപാറും പോരാട്ടമായിരുന്നു. ഇഞ്ചോടിഞ്ച് മത്സരത്തില്‍ രണ്ടാം പകുതിയില്‍ നെതര്‍ലാന്‍ഡ്‌സ് ഒരു ഗോള്‍ നേടി.
എന്നാല്‍ രണ്ടാം പകുതിയുടെ 83-ാം മിനിറ്റിലും രണ്ട് ഗോളുകള്‍ക്ക് നീലപ്പട ലീഡ് ഉയര്‍ത്തി തന്നെ നിന്നു. എന്നാല്‍ ഇഞ്ച്വറി ടൈമിലെ അവസാന സെക്കന്‍ഡുകള്‍ അര്‍ജെന്റീനയെയും ഞെട്ടിപ്പിച്ച പ്രകടനമായിരുന്നു നെതര്‍ലന്‍ഡ്‌സ് കാഴ്ച്ച വെച്ചത്. ജയം ഉറപ്പിച്ച കളി അങ്ങനെ എക്‌സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തി.
പ്രവചനങ്ങള്‍ തോല്‍ക്കുന്ന ഷൂട്ടൗട്ട് മത്സരം, ഹൃദയമിടിപ്പോടെ ഓരോ അര്‍ജെന്റീന ആരാധകരും ഉറ്റു നോക്കുന്ന നിമിഷം, നെതര്‍ലാന്‍ഡ്‌സിന്റെ രണ്ട് കിക്കുകള്‍ തട്ടി മാറ്റിയ എമിലിയാനോ മാര്‍ട്ടിസ് അങ്ങനെ രണ്ടാം തവണയും അര്‍ജെന്റീനയുടെ രക്ഷകനായി മാറി.
എന്നാല്‍ നാലാം കിക്കെടുത്ത നീലപ്പടയ്ക്ക് അടിപതറി. അവസാനത്തെ കിക്കിനായി ലൗട്ടാരോ മാര്‍ട്ടിനെസ് കളത്തിലെത്തി. അക്ഷരാര്‍ത്ഥ്തതില്‍ ഹൃദയം നിലയ്ക്കുന്ന നിമിഷങ്ങളായിരുന്നു കടന്നു പോയത്. കിക്ക് പാഴായാല്‍ മത്സരം സഡന്‍ സൈഡിലെത്തും. പക്ഷെ ലൗട്ടാരയ്ക്ക് പിഴച്ചില്ല. പന്ത് ഗോള്‍ വല കുലുക്കിതോടെ അര്‍ജെന്റീന താരങ്ങള്‍ ലൗട്ടാരയുടെ അടുത്തേക്ക് ഓടിയടുത്തു. എന്നാല്‍ ഗ്രാണ്ടിന്റെ വലതുവശത്തായി നെതര്‍ലാന്‍ഡ്‌സിന്റെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ പറന്നുതട്ടിയ ഗോളി എമിലിയാനോ മാര്‍ട്ടിസ് സന്തോഷം അടക്ക വയ്യാതെ മൈതാനത്ത് നിലം പൊത്തി. വിജയഗോളടിച്ച ലൗട്ടാരയുടെ തോളിലേറി വിജയം ആഘോഷിക്കാന്‍ സഹതാരങ്ങള്‍ കുതിച്ചപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായ മെസ്സിയുടെ കണ്ണുകള്‍ തേടിയത് തന്റെ ടീമിന്റെ യഥാര്‍ത്ഥ രക്ഷകനെയായിരുന്നു.
കണ്ണീരടക്കാനാകാതെ കിടന്ന എമിലാനൊയേ ചേര്‍ത്ത് നിര്‍ത്തി മെസ്സി ഒരു മുത്തം നല്‍കി. എമിലിയാനൊ തന്റെ മിശിഹായെ കണ്ടപോലെ മെസ്സിയെ കെട്ടിപ്പിടിച്ചു. തികച്ചും വൈകാരിക നിമിഷങ്ങളായിരുന്നു ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ഇതായിരുന്നു ക്വാര്‍ട്ടര്‍ മത്സരത്തിലെ ഏറ്റവും മനോഹരമായകാഴ്ച്ച. മെസ്സി ലോകചാമ്പ്യനായാലും ഇല്ലെങ്കിലും ഖത്തര്‍ ലോകകപ്പിലെ ലെജന്‍ഡറി മൊമന്റ് അദ്ദേഹം ക്വാര്‍ട്ടര്‍ മത്സരത്തിനൊടുവില്‍ ലോകത്തിന് സമ്മാനിച്ചു കഴിഞ്ഞു.
ഇരുവരുടെയും സന്തോഷം സോഷ്യല്‍ മീഡിയയിലും വൈറലായി മാറി. മെസ്സിയെ കളിയാക്കിയവര്‍ക്ക് വീണ്ടും അവന്‍ തെളിയിച്ചു കൊടുത്തു ഒരു യഥാര്‍ഥ നായകന്‍ എങ്ങനെയാവണമെന്ന്. ഒരു ക്യാപ്റ്റന് എന്താണോ ചെയ്യേണ്ടത് അത് തന്നെയാണ് മെസ്സിയും ചെയ്തതെന്ന് ചിത്രം പങ്കുവെച്ച ആരാധകരും ഫുട്‌ബോള്‍ പ്രേമികളും ഒറ്റ സ്വരത്തില്‍ പറഞ്ഞു. കൊണ്ടും കൊടുത്തും ചോരപൊടിഞ്ഞും നടന്ന അര്‍ജെന്റീന ഡച്ച് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പുതിയ ഒരേടു കൂടിയാണ് ദോഹയില്‍ പിറന്നത്.