LogoLoginKerala

കരിയറിലെ 1000-ാമത്തെ മത്സരത്തിനൊരുങ്ങി കിംഗ് ലയണൽ മെസ്സി

 
messi
ദേശീയ ടീമിനായി 169-ാമത്തെ മത്സരത്തിനാണ് മെസ്സി ഇന്നിറങ്ങുന്നത്

ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ മൽസരത്തിനൊരുങ്ങുന്ന അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസ്സി ഇന്നൊരു നാഴികകല്ല് കൂടി പിന്നിടും. ഇന്ന് രണ്ടാം പ്രീ ക്വാർട്ടറിൽ അർജന്റീന ഓസ്‌ട്രേലിയയെ നേരിടുമ്പോൾ പ്രൊഫഷനൽ ഫുട്ബോൾ കരിയറിൽ മെസ്സിയുടെ 1000-ാം മത്സരമാകും അത്. 

ദേശീയ ടീമിനായി 169-ാമത്തെ മത്സരത്തിനാണ് മെസ്സി ഇന്നിറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ബാഴ്‌സലോണയ്ക്കായി 672 ഗോളുകളും അർജന്റീന ദേശീയ ടീമിനായി 93 ഗോളുകളും നിലവിലെ ക്ലബ്ബായ പി.എസ്.ജിക്കായി 23 ഗോളുകളും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട മെസ്സിയും സംഘവും മികച്ച തിരിച്ചു വരവാണ് ടൂർണമെന്റിൽ നടത്തിയത്. പിന്നീടുള്ള മത്സരങ്ങളിൽ മെക്സിക്കോയെയും പോളണ്ടിനെയും പരാജയപ്പെടുത്തി കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന നോക്ക് ഔട്ട് റൗണ്ടിൽ പ്രവേശിച്ചിരിക്കുന്നത്. 

മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്നതിനാൽ എന്തു വിലകൊടുത്തും രാജ്യത്തിനായി ലോകകിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലായിരിക്കും മെസ്സിയും സംഘവും ഇന്നിറങ്ങുക. 1000-ാമത്തെ മത്സരത്തിനിറങ്ങുന്ന മെസ്സിക്ക് ഓസ്ട്രേലിയയെ തോൽപ്പിച്ച് ക്വാർട്ടറിൽ കടക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കും മനസ്സിൽ. ഇന്ന് അർധരാത്രി 12:30 നാണ് അർജന്റീന ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്‌.