LogoLoginKerala

വിജയ് ഹസാര ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

 
kerala
കേരളത്തിനായി ഓപ്പണര്‍ രോഹണ്‍ കുന്നുമ്മല്‍ 75 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 107 റണ്‍സാണ് സ്വന്തമാക്കിയത്

വിജയ് ഹസാര ട്രോഫിയില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളം. ബിഹാറിനെ ഒന്‍പത് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ബിഹാര്‍ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറില്‍ മറികടക്കുകയായിരുന്നു.

കേരളത്തിനായി ഓപ്പണര്‍ രോഹണ്‍ കുന്നുമ്മല്‍ 75 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 107 റണ്‍സാണ് സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ രോഹന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഓപ്പണര്‍ പൊന്നന്‍ രാഹുല്‍ 63 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 83 റൺസോടെ അര്‍ധസെഞ്ച്വറിയും നേടി. ഇരുവരും ആദ്യ വിക്കറ്റില്‍ 183 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാര്‍ 49.3 ഓവറില്‍ 201 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ സിജോമോന്‍ ജോസഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഖില്‍ സ്‌കറിയ എന്നിവരാണ് ബിഹാറിനെ തകര്‍ത്തത്. 68 റണ്‍സ് നേടിയ ഷാക്കിബുള്‍ ഗപ്പനിയാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. 

കേരളത്തിന്റെ ആറാം മത്സരമാണിത്. നാല് മത്സരങ്ങളില്‍ ടീം ജയിച്ചു. ഒരു മത്സരം മഴ മുടക്കി. എന്നാല്‍ കഴിഞ്ഞ മത്സരത്തിൽ ആന്ധ്രാ പ്രദേശിനോട് കേരളം തോല്‍വി വഴങ്ങുകയും ചെയ്തു.