വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ തോൽവി വഴങ്ങി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആദ്യ തോൽവി. ആന്ധ്രപ്രദേശിനോട് 76 റണ്‍സിന്റെ കനത്ത തോൽവിയാണ് കേരളം വഴങ്ങിയത്. 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്റെ പോരാട്ടം 183 റണ്‍സിലൊതുങ്ങി. ആന്ധ്രയ്ക്ക് വേണ്ടി അയ്യപ്പ ബന്ധാരുവും നിതീഷ് കുമാര്‍ റെഡ്‌ഡിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഹരിശങ്കര്‍ റെഡ്‌ഡി രണ്ട് വിക്കറ്റും വിഹാരി ഒരു വിക്കറ്റും വീഴ്ത്തി കേരള ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടു.
വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് ഓപ്പണര്‍മാരായ രാഹുലിനെയും (1) രോഹന്‍ കുന്നുമ്മലിനെയും (7) തുടക്കത്തിലേ നഷ്ടമായി. മൂന്നാമതെത്തി വത്സല്‍ ഗോവിന്ദ് ആറിനും തകർപ്പൻ ഫോമിൽ കളിച്ചിരുന്ന വിഷ്ണു വിനോദ് അഞ്ചിനും പുറത്തായതോടെ കേരളം 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 26 റണ്‍സ് എന്ന നിലയിലേക്ക് തകർന്നു.
തുടർന്ന് 35 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയും 41 റൺസ് നേടിയ അക്ഷയ് ചന്ദ്രനും 31 റണ്‍സുമായി സിജോമോന്‍ ജോസഫും 23 റൺസോടെ അബ്ദുല്‍ ഭാസിതും 17 റൺസ് നേടിയ അഖില്‍ സ്‌കറിയയും കേരളത്തിനായി പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാൻ അത് മതിയായില്ല. 44.1 ഓവറില്‍ 183 റൺസിന് കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയ്ക്ക് വേണ്ടി അഭിഷേക് റെഡ്‌ഡി (31), അക്ഷയ് ഹെബാര്‍ (26), കെ എസ് ഭരത് (24), റിക്കി ബുയീ (46), കരണ്‍ ഷിണ്ഡെ (28), നിതീഷ് കുമാര്‍ റെഡ്‌ഡി (31) എന്നിവർ തിളങ്ങിയപ്പോൾ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 259 റൺസ് എന്ന മെച്ചപ്പെട്ട സ്കോറിലേക്ക് ആന്ധ്ര എത്തുകയായിരുന്നു. കേരളത്തിനായി ഫൈസൽ ഫനൂസ്, സിജോമോൻ ജോസഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബേസിൽ, അഖിൽ സ്കറിയ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി 14 പോയിന്റുള്ള കേരളം എലൈറ്റ് ഗ്രൂപ്പ് സിയിൽ നാലാം സ്ഥാനത്താണ്. ഹരിയാനക്കെതിരായ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ കനത്ത തോല്‍വി കേരളത്തിന്റെ പ്ലേയ് ഓഫ് സാധ്യതകൾക്ക് തിരിച്ചടിയായേക്കും.