വിജയ് ഹസാര ട്രോഫി: നോകൗട്ട് റൗണ്ടില്‍ കശ്മീരിനോട് തോറ്റ് കേരളം പുറത്ത്

വിജയ് ഹസാര ട്രോഫിയില്‍ നോകൗട്ട് റൗണ്ടില്‍ കേരളത്തിന് തോൽവി. ഇന്ന് നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ജമ്മുകശ്മീരിനോടാണ് കേരളം നാണംകെട്ട തോല്‍വി വഴങ്ങിയത്. ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ജമ്മുകശ്മീർ സ്വന്തമാക്കിയത്.
കേരളം ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ജമ്മുകശ്മീര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഖമ്രാന്‍ ഇഖ്ബാലിന്റെയും ശുഭം ഖജാരിയയുടെയും അര്‍ധ സെഞ്ച്വറി മികവിലാണ് കശ്മീർ ജയം സ്വന്തമാക്കി ക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഖമ്രാന്‍ ഇഖ്ബാല്‍ 96 പന്തില്‍ ഏഴ് ഫോറടക്കം 51 റണ്‍സെടുത്തപ്പോള്‍ ശുഭം ഖജാരിയ 61 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും സഹിതം 76 റണ്‍സും നേടി. കേരളത്തിനായി സിജുമോന്‍ ജോസഫ് 10 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. 81 പന്തില്‍ ഏഴ് ഫോറടക്കം 62 റണ്‍സ് നേടിയ വി മനോഹരന്‍ മാത്രമാണ് കേരള നിരയിൽ തിങ്ങിയത്. സിജുമോന്‍ (32), അഖില്‍ സ്‌കറിയ (23), ഫൈസല്‍ ഫനോസ് (13), പൊന്നന്‍ രാഹുല്‍ (8), വത്സല്‍ ഗോവിന്ദ് (3), സച്ചിന്‍ ബേബി (3), വിഷ്ണി വിനോദ് (12), അബ്ദുല്‍ ബാസിത്ത് (0) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്കോർ. കശ്മീരിനായി 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി നാല് വി്ക്കറ്റ് വീഴ്ത്തിയ അഖിബ് നബിയാണ് ബൗളിംഗില്‍ തിളങ്ങിയത്. യുദീവര്‍ സിംഗ് രണ്ട് വിക്കറ്റും സ്വന്തമാക്കി.