വിജയ് ഹസാരെ ട്രോഫിയിൽ കേരളം പ്രീക്വാർട്ടറിൽ

വിജയ് ഹസാരെ ട്രോഫിയിൽ കേരളം പ്രീക്വാർട്ടറിൽ. തമിഴ്‌നാടിനെതിരായ ഗ്രൂപ്പ് മത്സരം മഴമൂലം ഫലമില്ലാതായതോടെ കേരളം 20 പോയിന്‍റുമായി നോക്ക്ഔട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ ജമ്മു കശ്‌മീരാണ് കേരളത്തിൻ്റെ എതിരാളികൾ. ഈ മാസം 26ന് മത്സരം നടക്കും. എലീറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിൻ്റെ പ്രീ ക്വാർട്ടർ പ്രവേശനം. ഗ്രൂപ്പിൽ ഒന്നാമതെത്തിയ തമിഴ്നാട് നേരിട്ട് ക്വാർട്ടറിൽ കടന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റിന് 287 റണ്‍സെടുത്തപ്പോള്‍ തമിഴ്‌നാടിന്‍റെ മറുപടി ബാറ്റിംഗ് 43-1 എന്ന നിലയില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. പിന്നീട് 47 ഓവറും 276 റണ്‍സുമായി വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചെങ്കിലും മത്സരം പുനരാരംഭിക്കാനായില്ല. മഴ അവസാനിക്കാതിരുന്നതോടെ ഇരു ടീമുകളും പോയിൻ്റ് പങ്കുവച്ചു.
നേരത്തെ 95 റൺസെടുത്ത് പുറത്താവാതെ നിന്ന വത്സൽ ഗോവിന്ദിന്റെ മികവിലാണ് കേരളം മികച്ച സ്കോർ പടുത്തുയർത്തിയത്. കേരളത്തിനായി വിഷ്ണു വിനോദ് (45), അബ്ദുൽ ബാസിത്ത് (41), രോഹൻ കുന്നുമ്മൽ (39) എന്നിവരും മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് 7 ഓവറില്‍ ഒരു വിക്കറ്റിന് 43 റണ്‍സെടുത്ത് നില്‍ക്കേ മഴയെത്തി. അഞ്ച് റണ്‍സെടുത്ത സായ് സുന്ദരേശിനെ വൈശാഖ് ചന്ദ്രന്‍ പുറത്താക്കി. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ എന്‍ ജഗദീശന്‍ 21 പന്തില്‍ 23 ഉം, ബി അപരാജിത് 9 പന്തില്‍ 9 ഉം റണ്‍സുമായി പുറത്താവാതെ നിന്നു.