ന്യൂസീലന്‍ഡ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി കെയ്ന്‍ വില്യംസണ്‍. വില്യംസണ്‍ ഏകദിന-ട്വന്റി 20 ടീമുകളുടെ നായകനായി തുടരും. 32 കാരനായ വില്യംസണ് പകരം സീനിയര്‍ താരം ടിം സൗത്തി നായകസ്ഥാനം ഏറ്റെടുക്കും.
2016-ല്‍ ബ്രണ്ടന്‍ മക്കല്ലം സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് വില്യംസണ്‍ ന്യൂസീലന്‍ഡ് ടെസ്റ്റ് ടീമിന്റെ നായകനായി സ്ഥാനമേറ്റത്. 40 ടെസ്റ്റുകളില്‍ താരം ടീമിനെ നയിച്ചിട്ടുണ്ട്. 22 മത്സരങ്ങളില്‍ ടീമിന് വിജയം സമ്മാനിക്കാനും താരത്തിന് സാധിച്ചു. വില്യംസണിന്റെ കീഴിലാണ് ന്യൂസീലന്‍ഡ് 2021-ലെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്.
' ന്യൂസീലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. നായകസ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണ്. ഈ തീരുമാനം കൃത്യ സമയത്താണെന്ന് ഞാന്‍ വിശ്വസിക്കുന്നു'- വില്യംസണ്‍ പറഞ്ഞു.