LogoLoginKerala

പാകിസ്താനെ അട്ടിമറിച്ച് ടി-20 പരമ്പര സ്വന്തമാക്കി അയർലൻഡ് വനിതാ ടീം

 
ireland

പാകിസ്താനെതിരായ ടി-20 പരമ്പര സ്വന്തമാക്കി അയർലൻഡ് വനിതാ ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന്  സ്വന്തമാക്കിയ അയർലൻഡിന് ഇത് ചരിത്ര നേട്ടമാണ്. അവസാന മത്സരത്തിൽ 34 റൺസിനായിരുന്നു അയർലൻഡ് വനിതകളുടെ ജയം. പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച പരമ്പരയിൽ മൂന്ന് വീതം ടി-20യും ഏകദിന മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകദിന പരമ്പര 3-0ന് പാകിസ്താൻ തൂത്തുവാരിയിരുന്നു.


പരമ്പരയിലെ ആദ്യ മത്സരം അയർലൻഡ് 6 വിക്കറ്റിനു വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ പാകിസ്താൻ 6 വിക്കറ്റിനു വിജയിച്ചു. അവസാന ടി-20യിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 167 റൺസെടുത്തു. ഗാബി ലൂയിസ് (46 പന്തിൽ 71), ഏമി ഹണ്ടർ (35 പന്തിൽ 40), ഓർല പ്രെൻഡെർഗാസ്റ്റ് (23 പന്തിൽ 37) എന്നിവർ അയർലൻഡിനായി തിളങ്ങി. മറുപടി ബാറ്റിംഗിൽ പാകിസ്താന് 18.5 ഓവറിൽ 133 റൺസെടുക്കാനെ സാധിച്ചുള്ളൂ. ആതിഥേയർക്കു വേണ്ടി ജവേരിയ ഖാൻ (37 പന്തിൽ 50), നിദ ദർ (24 പന്തിൽ 26) എന്നിവർ മാത്രമാണ് തിളങ്ങിയത്. അയർലൻഡിനായി ക്യാപ്റ്റൻ ലോറ ഡെലനിയും അർലീൻ കെല്ലിയും 3 വിക്കറ്റ് വീതം വീഴ്ത്തി.