ഇറാന്‍ ഭരണകൂടത്തിനോടുള്ള പ്രതിഷേധം; ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍
ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍. ഇറാനില്‍ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ഇറാന്‍ ഭരണകൂടത്തിനോട് ടീം ഇറാനുള്ള അകല്‍ച്ച ദൃശ്യമാക്കുന്നതായിരുന്നു ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്റെ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഇറാന്‍ ടീമംഗങ്ങളുടെ നിര്‍വികാരത്തോടെയുള്ള ആ നില്‍പ്പ്. ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ടീമിലെ ഒരാള്‍ പോലും അത് കൂടെ ആലപിക്കാതിരിക്കുകയായിരുന്നു.
ദേശീയ ഗാനം ആലപിക്കാതിരുന്നത് തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നുവെന്ന് ഇറാന്‍ ക്യാപ്റ്റന്‍ അലിറിസ ജഹാന്‍ ബാഖ്ഷ് വ്യക്തമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനിലാകെ കത്തിപ്പടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് ടീം ഇറാന്‍ വിട്ടുനിന്നത്.
സ്ത്രീകള്‍, ജീവന്‍, സ്വാതന്ത്ര്യം എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പല കാണികളുമെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വലിയ പിന്തുണ നല്‍കിയ ഇറാനിയന്‍ മുന്‍ ഫുട്‌ബോള്‍ താരം അലി കരിമിയുടെ പേരും പലവട്ടം അന്തരീക്ഷത്തില്‍ മുഴങ്ങി.
അതേസമയം മത്സരത്തില്‍ ഇംഗ്ലണട് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇറാനെ ഇംഗ്ലണ്ട് തോല്‍പിച്ചത്. ഇംഗ്ലണ്ടിനായി യുവതാരം സാക ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ജൂഡ് ബെല്ലിങ്ഹാം, സ്റ്റെര്‍ലിംഗ്, റാഷ്‌ഫോര്‍ഡ്, ഗ്രീലിഷ് എന്നിവരും ഇംഗ്ലണ്ടിനായി ഗോള്‍ നേടി. ഇറാനായി മെഹ്ദി തെറാമിയാണ് ഇരുഗോളുകളും നേടിയത്.