LogoLoginKerala

ക്രിക്കറ്റ് ആവേശം വീണ്ടും കേരളത്തിലേക്ക്; ഇന്ത്യ-ശ്രീലങ്ക ഏകദിനം തിരുവനന്തപുരത്ത്

 
india
പരമ്പരയ്ക്കായി പുതുവർഷത്തിൽ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ ടീമാണ് ശ്രീലങ്ക

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് കേരളം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നു. ജനുവരിയിൽ ആരംഭിക്കുന്ന  ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ഏകദിന മത്സരമാണ് കേരളത്തിൽ നടക്കുക. പരമ്പരയ്ക്കായി പുതുവർഷത്തിൽ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ ടീമാണ് ശ്രീലങ്ക. ജനുവരി 3 മുതൽ 15 വരെയായി മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണ് ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കളിക്കുക. ആറ് വ്യത്യസ്ത വേദികളിലായി നടക്കുന്ന പരമ്പരയിൽ ജനുവരി 15ന്  അവസാന ഏകദിനത്തിനാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. പരമ്പരയിലെ ആദ്യ ടി20 ജനുവരി 3ന് മുംബൈയിൽ വെച്ച് നടക്കും.

2022 ഫെബ്രുവരിയിൽ ശ്രീലങ്ക അവസാനമായി ഇന്ത്യയിൽ ടി20 പര്യടനം നടത്തിയപ്പോൾ ഇന്ത്യ 3-0ന് പരമ്പര തൂത്തുവാരിയിരുന്നു. എന്നാൽ  2017നു ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യയിൽ ഏകദിന പരമ്പര കളിക്കാനൊരുങ്ങുന്നത്. അന്ന് 2-1ന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

അതേസമയം ശ്രീലങ്കൻ പരമ്പര അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം, ജനുവരി 18 നും 24 നും ഇടയിൽ മൂന്ന് മത്സരങ്ങളുള്ള മറ്റൊരു ഏകദിന പരമ്പരയ്ക്കും തുടർന്ന് ജനുവരി 27 മുതൽ ഫെബ്രുവരി 1 വരെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കും ഇന്ത്യ ന്യൂസിലൻഡിന് ആതിഥേയത്വം വഹിക്കും. അവസാനമായി ബ്ലാക്ക് ക്യാപ്സ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഏകദിനത്തിലും ടി20യിലും പരമ്പര വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഈ പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയയുമായുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റുകൾ ഫെബ്രുവരി 9ന് ആരംഭിക്കും. നാല് ടെസ്റ്റുകളാണ് ഓസീസ് ഇന്ത്യയുമായി കളിക്കുക. 2020-21ൽ ഓസ്‌ട്രേലിയയിൽ ചരിത്ര വിജയം നേടിയ ഇന്ത്യയാണ് നിലവിലെ ബോർഡർ-ഗവാസ്‌കർ ട്രോഫി  ജേതാക്കൾ.

2021/23 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിലും ഈ പരമ്പര നിർണായക പങ്ക് വഹിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മാർച്ച് 17 മുതൽ 22 വരെ സന്ദർശകർ മൂന്ന് ഏകദിനങ്ങളും ഇന്ത്യയിൽ കളിക്കും.

മത്സര പട്ടിക:

ശ്രീലങ്കൻ പര്യടനം

ജനുവരി 3 - ഒന്നാം ടി20, മുംബൈ
ജനുവരി 5 - രണ്ടാം ടി20, പൂനെ
ജനുവരി 7 - മൂന്നാം ടി20, രാജ്കോട്ട്

ജനുവരി 10 - ഒന്നാം ഏകദിനം, ഗുവാഹത്തി
ജനുവരി 12 - രണ്ടാം ഏകദിനം, കൊൽക്കത്ത
ജനുവരി 15 - മൂന്നാം ഏകദിനം, തിരുവനന്തപുരം

ന്യൂസിലൻഡ് പര്യടനം

ജനുവരി 18 - ഒന്നാം ഏകദിനം, ഹൈദരാബാദ്
ജനുവരി 21 - രണ്ടാം ഏകദിനം, റായ്പൂർ
ജനുവരി 24 - മൂന്നാം ഏകദിനം, ഇൻഡോർ

ജനുവരി 27 - ഒന്നാം ടി20, റാഞ്ചി
ജനുവരി 29 - രണ്ടാം ടി20 ഐ, ലഖ്‌നൗ
ഫെബ്രുവരി 1 - മൂന്നാം ടി20, അഹമ്മദാബാദ്

ഓസ്‌ട്രേലിയൻ പര്യടനം

ഫെബ്രുവരി 9 മുതൽ 13 വരെ - ഒന്നാം ടെസ്റ്റ്, നാഗ്പൂർ
ഫെബ്രുവരി 17 മുതൽ 21 വരെ - രണ്ടാം ടെസ്റ്റ്, ഡൽഹി
മാർച്ച് 1 മുതൽ 5 വരെ - മൂന്നാം ടെസ്റ്റ്, ധർമ്മശാല
മാർച്ച് 9 മുതൽ 13 വരെ - നാലാം ടെസ്റ്റ്, അഹമ്മദാബാദ്

മാർച്ച് 17 - ഒന്നാം ഏകദിനം, മുംബൈ
മാർച്ച് 19 - രണ്ടാം ഏകദിനം, വിശാഖപട്ടണം
മാർച്ച് 22 - മൂന്നാം ഏകദിനം, ചെന്നൈ