LogoLoginKerala

ഐ ലീഗ് ഫുട്ബോളിന് ഇന്ന് മഞ്ചേരിയിൽ കിക്കോഫ്; ഐഎസ്എൽ പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള

 
i league

മഞ്ചേരി: ഐ ലീഗ് ഫുട്ബോള്‍ സീസണ് ഇന്ന് മലപ്പുറം മഞ്ചേരിയില്‍ കിക്കോഫ്. കഴിഞ്ഞ 2 സീസണിലും ഐലീഗ് കിരീടം സ്വന്തമാക്കിയ മലബാറിയൻസ് ഹാട്രിക് കിരീട മോഹവുമായാണ് പയ്യനാട് സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്‌‌സി, മുഹമ്മദന്‍സ് സ്പോര്‍ട്ടിങിനെ നേരിടും. ഇത്തവണ കിരീട നേട്ടത്തോടെ ഐഎസ്എല്‍ പ്രവേശനമാണ് ഗോകുലം ലക്ഷ്യംവെക്കുന്നത്. 

സന്തോഷ് ട്രോഫിക്ക് ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോൾ ആരവത്തിൽ ആവുകയാണ്. ഇത്തവണ ഗോകുലത്തിന്റെ ഹോം മത്സരങ്ങള്‍ പയ്യനാടും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്. പതിനൊന്ന് ഹോം മത്സരങ്ങളില്‍ ആറെണ്ണം  മഞ്ചേരിയിലും അഞ്ചെണ്ണം കോഴിക്കോടുമാണ് നടക്കുക. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാർഡ് ടോവ ആണ് മുഖ്യ പരിശീലകൻ. 


അതേസമയം മധ്യനിര താരം അര്‍ജുന്‍ ജയരാജാണ് ടീമിലെ പ്രധാന താരം. മുഹമ്മദ് ജാസിം, നൗഫല്‍, താഹിര്‍ സമാന്‍, ശ്രീ കുട്ടന്‍ എന്നിവരും മികച്ച താരങ്ങളാണ്. അര്‍ജന്റീനയില്‍ നിന്നുള്ള ജുവാന്‍ കാര്‍ലോസ് നെല്ലാര്‍, ബ്രസീലില്‍ നിന്നുള്ള എവര്‍ട്ടണ്‍ ഗുല്‍മെറസ് , കാമറൂണ്‍ താരം അമിനോ എന്നീ വിദേശ താരങ്ങളും ടീമിലുണ്ട്. 

സ്ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ അന്നീസിന് പകരമാണ് റിച്ചാര്‍ഡ് ടോവയെ ഗോകുലം കേരള പരിശീലകനായി നിയമിച്ചത്.  ഇറ്റലിക്കാരനായ അന്നീസ് 2020ല്‍ ആണ് ഗോകുലം കേരള എഫ്സിയുടെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തത്. ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് കന്നിക്കിരീടം 2020- 21 സീസണില്‍ സമ്മാനിച്ച അന്നീസ് കഴിഞ്ഞ സീസണിലും ഗോകുലത്തെ ചാമ്പ്യന്മാരാക്കി. 

പുതിയ കോമാച്ചിന് കീഴിൽ തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന നേട്ടമാണ് ഗോകുലം കേരളയുടെ ലക്ഷ്യം. 12 ടീമുകള്‍ പങ്കെടുക്കുന്ന ഐ ലീഗിലെ ചാമ്പ്യന്‍മാര്‍ക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അതേസമയം കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയും അടച്ചിട്ട മൈതാനങ്ങളിലായിരുന്നു ഐ ലീഗ് മത്സരങ്ങള്‍. അതിനാല്‍ ഇത്തവണ കാണികളുടെ വലിയ പിന്തുണ പയ്യനാട് സ്റ്റേഡിയത്തിലുണ്ടാവും എന്നാണ് ടീമിന്റെ പ്രതീക്ഷ.