LogoLoginKerala

പുള്ളാവൂരിലെ മെസിയുടെ കട്ടൗട്ട് വൈറൽ; ഏറ്റെടുത്ത് അർജന്റീന ഫുട്ബോൾ ടീം

 
messi
'വേൾഡ് കപ്പ് ഫീവർ' എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്

കോഴിക്കോട്: ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങളുടെ പ്രിയ കളിക്കാരുടെ കൂറ്റൻ കട്ടൗട്ടും ടീമിന്റെ  പതാകയുമൊക്കെയായി ചേരികളിൽ നിറയുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. എന്നാൽ കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരിക്കുന്നത്. 

പുള്ളാവൂര്‍ ചെറുപുഴയിലെ കുറുങ്ങാട്ടു കടവില്‍ ഇരുപതിനായിരം രൂപയോളം ചെലവിൽ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ പുഴക്ക് നടുവിലായുള്ള തുരുത്തിൽ നില്‍ക്കുന്ന മെസിയുടെ കട്ടൗട്ട് അർജന്റീന ദേശിയ ടീമിന്റെ ഫേസ്ബുക് പേജിലൂടെയും അധികൃതർ ഷെയർ ചെയ്തിരിക്കുകയാണ്. പുള്ളാവൂരിലെ അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്‍റെ വീഡിയോയും നേരത്തെ വൈറലായിരുന്നു.

കട്ടൗട്ട് ചിത്രങ്ങൾ ഇതിഹാസതാരം മെസിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരാധകർ പറഞ്ഞു. നിലവിൽ അർജന്റീന ടീമിലെ ചില താരങ്ങളിലേക്ക് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ എത്തിയെന്നും വൈകാതെ ഇത് മെസിയിലേക്കെത്തുമെന്നും അദ്ദേഹം പ്രതികരിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. 

ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് മെസിയും സംഘവും ഇത്തവണ ഖത്തറില്‍ ഇറങ്ങുന്നത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ തന്നെ മെസ്സി സൂചിപ്പിച്ചിരുന്നു. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. നവംബർ 20ന് ആതിഥേയരായ ഖത്തർ - ഇക്വഡോർ മത്സരത്തോടെ ഫിഫ ലോകകപ്പിന് കിക്കോഫാകും.