LogoLoginKerala

യുവനിരയെ അണിനിരത്താനൊരുങ്ങി ബിസിസിഐ; ടി20 ടീമിന്റെ നായകനായി ഹാര്‍ദിക് പാണ്ട്യ എത്തും

 
new captain
രോഹിത് ശര്‍മ്മ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി തുടരും

മുംബൈ: ഇന്ത്യന്‍ പുരുഷ ടി20 ടീമിന്റെ നായകനായി രോഹിത് ശര്‍മ്മ തുടരില്ലെന്ന് റിപ്പോർട്ടുകൾ. ഓൾ റൗണ്ടർ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി20 സ്ഥിര ക്യാപ്റ്റനാകുമെന്നും ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനനമുണ്ടാകുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം രോഹിത് ശര്‍മ്മ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'മാറ്റങ്ങള്‍ വരേണ്ട സമയമാണിത്. രോഹിത് ശര്‍മ്മയ്ക്ക് ഇനിയുമേറെ സംഭാവനകള്‍ നല്‍കാനാകുമെന്ന് നമുക്കെല്ലാം അറിയാമെങ്കിലും അദേഹം യുവതാരമല്ല എന്നതാണ് യാഥാര്‍ത്യം. 2024ലെ ട്വന്‍റി 20 ലോകകപ്പിനായി ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. ഹാര്‍ദിക് ക്യാപ്റ്റനാകാന്‍ ഉചിതനായ താരമാണ്. അടുത്ത ടി20 പരമ്പരയ്ക്ക് മുമ്പ് സെലക്ടര്‍മാര്‍ കൂടിയാലോചിച്ച് ഹാര്‍ദിക്കിന്‍റെ പേര് പ്രഖ്യാപിക്കും. ഇക്കാര്യം രോഹിത് ശര്‍മ്മയെ അറിയിച്ചിട്ടില്ല. പരിശീലകനെയും ക്യാപ്റ്റനേയും ഉടന്‍ യോഗത്തിന് വിളിക്കും' എന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

അടുത്ത വര്‍ഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ രോഹിത് ശര്‍മ്മ ഏകദിന ക്യാപ്റ്റനായി തുടരും. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തീരും വരെ രോഹിത് ടെസ്റ്റിലും നായകസ്ഥാനത്ത് തുടരും. രോഹിത് ശര്‍മ്മയും ഉപനായകന്‍ കെ എല്‍ രാഹുലും വിശ്രമത്തിലായതിനാല്‍ ഇപ്പോള്‍ നടക്കുന്ന ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന പരമ്പരയോടെ പാണ്ഡ്യയെ പൂര്‍ണസമയ ടി20 ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോർട്ടുകൾ.