ശ്രീലങ്കൻ ക്രിക്കറ്റ് താരം ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
സിഡ്നി: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക്ക ഗുണതിലക ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. ടി20 ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയലെത്തിയ ശ്രീലങ്കന്‍ ടീമിന്റെ പ്രധാന താരമാണ് ഗുണതിലക. സിഡ്‌നി സിറ്റി പോലീസ് ആണ് ഗുണതിലകയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നവംബര്‍ രണ്ടിന് തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയിലാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
‘ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ധനുഷ് ഗുണതിലക അറസ്റ്റിലായി. ഗുണതിലക ഇല്ലാതെയാണ് ശ്രീലങ്കന്‍ ടീം ഓസ്‌ട്രേലിയ വിട്ടിരിക്കുന്നത്’ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോകകപ്പ് സെമി കാണാതെ ശ്രീലങ്ക പുറത്തായിരുന്നു. അതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ ആകെ നാണംകെടുത്തുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
ലോകകപ്പ് ആദ്യ റൗണ്ടില്‍ നമീബിയക്കെതിരെ ഗുണതിലക കളിച്ചിരുന്നു. എന്നാല്‍ റണ്‍സൊന്നും എടുക്കാന്‍ ലങ്കന്‍ താരത്തിന് ആയില്ല. പിന്നാലെ പരിക്കിനെ തുടര്‍ന്ന് താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. ലോകകപ്പ് സൂപ്പര്‍ 12 സ്റ്റേജില്‍ നാലാം സ്ഥാനക്കാരായാണ് ശ്രീലങ്ക ഫിനിഷ് ചെയ്തത്.
ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് അവരുടെ വെബ് സൈറ്റില്‍ താരത്തെ അറസ്റ്റ് ചെയ്തത് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ പേരോ, ക്രിക്കറ്റ് താരമാണെന്നോ വ്യക്തമാക്കിയിട്ടില്ല. നവംബര്‍ രണ്ടിന് 29കാരിയായ യുവതിയെ റോസ് ബേയിലുളള താമസസ്ഥലത്ത് വച്ച് ഗുണതിലക ബലാത്സംഗം ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. താരം നാളെ കോടതിയിൽ ഹാജരാവുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.