ഓവറിൽ ഏഴു സിക്സുകൾ; തകർത്തടിച്ച റുതുരാജ് ഗെയ്ക്‌വാദിന്റെ മികവിൽ മഹാരാഷ്ട്ര സെമിയിൽ
വിജയ് ഹസാരെ ട്രോഫിയിൽ സെമി പ്രവേശനം നേടി മഹാരാഷ്ട്ര. ഇന്ന് നടന്ന മത്സരത്തിൽ യുപിയെ 58 റൺസിനാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. പുറത്താകാതെ 220 റൺസ് നേടിയ റുതുരാജ് ഗെയ്ക്‌വാദ് ആണ് മഹാരാഷ്ട്രയുടെ വിജയശില്പി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത 50 ഓവറിൽ 330/5 എന്ന പടുകൂറ്റൻ സ്കോര്‍ പടുത്തുയർത്തിയപ്പോൾ യുപി 272 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 159 റൺസ് നേടി ആര്യന്‍ ജുയൽ യുപിയ്ക്കായി പൊരുതിയെങ്കിലും താരത്തിന് പിന്തുണ നൽകാൻ മറ്റാര്‍ക്കും സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി. മഹാരാഷ്ട്രയ്ക്കായി രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 5 വിക്കറ്റ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.
ലിസ്റ്റ് എ ക്രിക്കറ്റിലെ അപൂർവ റെക്കോർഡ് ആണ് ഗെയ്ക്‌വാദ് ഇന്ന് സ്വന്തം പേരിൽ കുറിച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ച താരം ഇന്നിംഗ്സിലെ 49ാം ഓവറിൽ യുപിയുടെ ശിവ സിംഗിനെ ഏഴ് സിക്‌സറുകൾ പറത്തി അപൂർവ നേട്ടം കൈവരിച്ചു. ഒരു ഇന്നിംഗ്സിൽ 16 സിക്സർ പറത്തിയ രോഹിത് ശർമയുടെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു താരം.
159 പന്തിൽ 220 റൺസ് നേടിയ റുതുരാജ് ഗെയ്ക്‌വാദ് 10 ഫോറും 16 സിക്സും ആണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അങ്കിത് ഭാവനെയും കാസിയും 37 റൺസ് വീതം നേടി ഗെയ്ക്‌വാദിന് മികച്ച പിന്തുണ നൽകി. ഉത്തര്‍ പ്രദേശിനായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റ് നേടി.