LogoLoginKerala

പുള്ളാവൂരിലെ കട്ടൗട്ടുകൾ ഏറ്റെടുത്ത് ഫിഫ; നന്ദി അറിയിച്ച് മുഖ്യമന്ത്രിയും

 
football

കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച സൂപ്പര്‍താരങ്ങളുടെ കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ച് അന്തര്‍ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ. ട്വിറ്ററിലൂടെയാണ് ഫിഫ 'ലോകകപ്പ് ജ്വരത്തില്‍ കേരളം' എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിന് നന്ദി അറിയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും റീട്വീറ്റ് ചെയ്തതോടെ കേരളത്തിന്റെ ഫുട്ബാൾ പ്രേമമാണ് ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരിക്കുന്നത്.


"ഫുട്ബോളിനെ എന്നും നെഞ്ചിലേറ്റിയവരാണ് കേരളീയർ. ഖത്തർ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ ഫുട്ബോൾ പ്രേമം അതിന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. കേരളത്തിന്റെ ഫുട്ബോൾ അഭിനിവേശത്തെ തിരിച്ചറിഞ്ഞ ഫിഫയ്‌ക് നന്ദി" - പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.


പുള്ളാവൂര്‍ പുഴയില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുള്ളാവൂര്‍ ചെറുപുഴയില്‍ അര്‍ജന്റീനന്‍ ആരാധകരാണ് മെസിയുടെ കട്ടൗട്ട് ആദ്യം സ്ഥാപിച്ചത്. 30അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ബ്രസീല്‍ ആരാധകര്‍ നെയ്മറിന്റെ 40അടിയോളം വരുന്ന കട്ടൗട്ടും സ്ഥാപിച്ചു. ഇതിനു പിന്നാലെയാണ് മെസ്സിയെയും നെയ്മറെയും കടത്തി വെട്ടുന്ന കൂറ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും പുള്ളാവൂര്‍ പുഴയുടെ തീരത്തേക്ക് എത്തിയത്.

ആദ്യം സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ട് അർജന്റീനയുടെ ഫുട്ബോൾ ടീമിന്റെ ഫേസ്ബുക് പേജിൽ വന്നതോടെയാണ് പുള്ളാവൂരിലെ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയത്. ഇത് ഏറ്റെടുത്ത അർജന്റീന ആരാധകരുടെ ആവേശം ഒടുങ്ങുന്നതിനു മുന്നേ തന്നെ ബ്രസീൽ ആരാധകരും നിരത്തിലിറങ്ങി. 40  അടിയോളം വരുന്ന നെയ്മറിന്റെ കട്ടൗട്ട് ആണ് ബ്രസീൽ ആരാധകർ സ്ഥാപിച്ചത്. എന്നാൽ രണ്ടു സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ എത്തിയതോടെ 
പോർച്ചുഗൽ ഫാൻസും കളത്തിലിറങ്ങി. ഇരു കട്ടൗട്ടുകൾക്കും മേലെ ഉയർന്നു നിൽക്കുന്ന ക്രിസ്ററ്യാനോയുടെ കട്ടൗട്ട് കൂടി എത്തിയതോടെ അന്തര്‍ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനും വിദേശ മാധ്യമങ്ങളും സംഭവം ഏറ്റെടുക്കുകയായിരുന്നു.