എംബാപെ കുരുക്കിൽ; ഫ്രഞ്ച് താരത്തിനെതിരെ നടപടിക്കൊരുങ്ങി ഫിഫ

ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാൻസിന്റെ മുന്നേറ്റ നിരയിലെ നിറസാന്നിധ്യമായ കിലിയന്‍ എംബാപെക്കെതിരെ നടപടിക്കൊരുങ്ങി ഫിഫ. ഫിഫ ചട്ടം ലംഘിച്ചതിനാണ് താരത്തിനെതിരെ സംഘാടകർ നടപടിക്കൊരുങ്ങുന്നത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടമാണ് എംബാപെ ലംഘിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കും ഡെന്മാര്‍ക്കിനും എതിരായ രണ്ടു മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ച എംബാപെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നില്ല. ഇതിനെതിരെയാണ് ഫിഫ ഇപ്പോൾ നടപടിക്കൊരുങ്ങുന്നത്.
ടൂർണമെന്റിൽ ഇതുവരെ മൂന്നു ഗോൾ നേടിയിട്ടുള്ള എംബാപെ മികച്ച ഫോമിലാണ്. ഫ്രാൻസും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിന് ശേഷവും അതേ നിലപാട് താരം സ്വീകരിച്ചതാണ് ഫിഫയെ ചൊടുപ്പിച്ചിരിക്കുന്നത്. ചട്ടം ലംഘിച്ചതിന് താരത്തിനും ഫെഡറേഷനുമെതിരെ പിഴ ചുമത്താനാണ് സാധ്യതയെന്നാണ് റിപോർട്ടുകൾ. അതേസമയം, പിഎസ്ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് എംബാപെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
അതേസമയം, ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തുള്ള ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയും പിന്നാലെ ഡെന്‍മാര്‍ക്കിനെയും വീഴ്ത്തിയാണ് ലോക ചാമ്പ്യന്മാരുടെ കുതിപ്പ്. ഡെന്‍മാര്‍ക്കിനെതിരെ രണ്ട് ഗോളുകളും നേടിയ എംബാപ്പെ ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോളും സ്വന്തമാക്കിയിരുന്നു. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന കരിം ബെന്‍സേമ തിരിച്ചുവരുന്നത് ഫ്രാന്‍സ് നിരയില്‍ പ്രതീക്ഷ നല്‍കുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബെന്‍സെമ ടീമിനൊപ്പം ചേരുമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.