16 ടീമുകൾ; നെഞ്ചിടിപ്പോടെ 90 മിനിറ്റുകൾ; നോക്ക് ഔട്ട് റൗണ്ടിന് ഇന്ന് തുടക്കം
ഫിഫ ലോകകപ്പ് 2022 നോക്ക് ഔട്ട് റൗണ്ടിന് (റൗണ്ട് ഓഫ് 16) ഇന്ന് കിക്ക്-ഓഫ്. ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ നെതർലാൻഡ്‌സ് യുഎസ്എയെ നേരിടും. ആദ്യ മത്സരത്തിനായുള്ള ലൈനപ്പ് ഇതിനോടകം തന്നെ ഇരു ടീമുകളും പ്രഖ്യാപിച്ചു.
നിർണായക മത്സരത്തിൽ ഇരു ടീമുകളും ശക്തമായ ലൈനപ്പ് തന്നെയാണ് അണിനിരത്തിയിരിക്കുന്നത്. നെതർലാൻഡ്‌സിനായി ഗാക്പോയും ഡിപേയുമാണ് മുന്നേറ്റനിരയിൽ ഒരുമിച്ച് ഇറങ്ങുന്നത്. യുഎസ്എയും അവരുടെ മികച്ച താരങ്ങളെ തന്നെയാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുന്നേറ്റ നിരയിൽ ചെൽസിയുടെ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ച് തന്നെയാണ് അവരുടെ വജ്രായുധം. മൂന്ന് കളിയിൽ നിന്ന് ഒരു ഗോളും അസിസ്റ്റുമായി മികച്ച ഫോമിലാണ് താരം.
ടീം ലൈനപ്പ്:
USA XI: Turner – Robinson, Ream, Zimmerman, Dest – Musah, Adams, McKennie – Pulisic, Ferreira, Weah.
Netherlands XI: Noppert – Dumfries, Timber, Van Dijk, Aké, Blind – De Roon, De Jong – Klaassen – Gakpo, Depay.
അതേസമയം ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരയി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച അർജന്റീന 12.30ന് നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിടും. മെസ്സിയുടെ കീഴിലിറങ്ങുന്ന അർജന്റീനയ്ക്ക് ജയത്തിൽ കുറഞ്ഞൊന്നും മനസ്സിൽ ഉണ്ടാവില്ല. അതേസമയം മെസ്സിയെ ഒതുക്കാനുള്ള തന്ത്രവുമായി തന്നെയാണ് ഓസ്‌ട്രേലിയൻ പട ഇറങ്ങുന്നത്.
എട്ട് ടീമുകൾ റൗണ്ട് ഓഫ് 16ൽ നിന്ന് യോഗ്യത നേടി ഡിസംബർ 9 മുതൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. നെതർലാൻഡ്സ്, യുഎസ്എ, അർജന്റീന, ഓസ്ട്രേലിയ, ഫ്രാൻസ്, പോളണ്ട്, ഇംഗ്ലണ്ട്, സെനഗൽ, ജപ്പാൻ, ക്രൊയേഷ്യ, ബ്രസീൽ, ദക്ഷിണ കൊറിയ, മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ ടീമുകളാണ് റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയിട്ടുള്ളത്.