ആരാധകരെ അധിക്ഷേപിച്ചു; ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി എഫ്‍സി ഗോവ

കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി എഫ്‍സി ഗോവ. കൊച്ചിയിലെ മത്സരത്തിന് ഒരു വിധത്തിലുമുളള സുരക്ഷ ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയില്ലെന്നാണ് ഗോവയുടെ പരാതി. മത്സരത്തിനെത്തിയ സപ്പോര്‍ട്ട് സ്റ്റാഫിന് നേരേ കല്ലേറുണ്ടായി, എവേ സ്റ്റാന്‍ഡിൽ ഗോവന്‍ ആരാധകരെ അധിക്ഷേപിച്ചു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് ബ്ലാസ്റ്റേഴ്സ് അന്വേഷിക്കണമെന്നാണ് ഗോവന്‍ ക്ലബിന്‍റെ പ്രധാന ആവശ്യം.
🚨 Club Statement
— FC Goa (@FCGoaOfficial) November 15, 2022
FC Goa would like to communicate that the Club has written to the Kerala Blasters management expressing concerns in regard to security that was provided to the Club and our travelling supporters during our latest game in Kochi on Sunday. (1/4) pic.twitter.com/o1h2ZqFYIb
കൊച്ചിയിലെ മത്സരത്തില്‍ ക്ലബിനും ആരാധകർക്കും ഒരുക്കിയ സുരക്ഷയെ കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് കത്തയച്ചതായി എഫ്സി ഗോവ ട്വീറ്റ് ചെയ്തു. 'എവേ സ്റ്റാന്‍ഡിലേക്ക് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരച്ചുകയറി. ഇതാണ് ദൗർഭാഗ്യകരമായ പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഈ പ്രശ്നം അനായാസമായി ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ ആരാധകരുടെ സുരക്ഷ പരിഗണനാ വിഷയമായി തുടരും. കൊച്ചിയില്‍ നേരിട്ട സംഭവങ്ങളെ കുറിച്ച് ഐഎസ്എല്‍ അധികൃതർക്കും പരാതി നല്‍കിയിട്ടുണ്ട്. സബ്സ്റ്റിറ്റ്യൂട്ട് താരത്തെ വാംഅപിന് സഹായിക്കുന്നതിനിടെ ടെക്നിക്കല്‍ സംഘത്തിലെ ഒരംഗത്തിന് നേർക്ക് കല്ലേറുണ്ടായി. ഈ വിഷയങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അന്വേഷണം നടത്താന്‍ തയ്യാറാവണം' എന്നും എഫ്സി ഗോവ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഞായറാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചതിനു പിന്നാലെയാണ് ഗോവൻ ടീമിന്റെ പരാതി. കേരള ബ്ലാസ്റ്റേഴ്സ് സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം മത്സരത്തിന് ശേഷം ഗോവന്‍ ഫാന്‍സിനെ ആശ്ലേഷിച്ച് യാത്രയാക്കുന്ന വീഡിയോ ബ്ലാസ്റ്റേഴ്സ് ആരാധകർ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.