LogoLoginKerala

ബെൽജിയത്തിൻ്റെ സുവർണ്ണ തലമുറയുടെ 'രാജാവ്' അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

 
hazard
ഖത്തര്‍ ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ തന്നെ ടീം ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം

ബെൽജിയം താരം ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഖത്തര്‍ ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ തന്നെ ടീം ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. 31 കാരനായ താരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

2008 മുതല്‍ പകര്‍ന്നുകൊണ്ടിരിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ താരം, ജീവിതത്തിലെ ഒരുതാള് ഇന്ന് മറിയുകയാണെന്ന് വ്യക്തമാക്കി. 'അന്താരാഷ്ട്ര കരിയര്‍ അവസാനപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത തലമുറ തയാറാണ്. നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ മിസ് ചെയ്യും'- ഈഡൻ ഹസാര്‍ഡ് ഫേസ്ബുക്കില്‍ കുറിച്ചു.

നിലവിൽ സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡ് താരമായ ഹസാർഡ് 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ സെമിഫൈനലിലെത്തിയ ബെൽജിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ ടീമിനെ നയിച്ചതും ഹസാര്‍ഡായിരുന്നു. എന്നാൽ മൊറോക്കോയോട് തോല്‍ക്കുകയും ക്രൊയേഷ്യയോട് സമനിലയില്‍ കുരുങ്ങുകയും ചെയ്ത ടീം കാനഡയോട് മാത്രമാണ് വിജയിച്ചത്. ഇതോടെ ലോക രണ്ടാംനമ്പര്‍ ടീമായ ബെൽജിയം ഗ്രൂപ്പ് എഫിൽ മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായി പ്രാഥമിക ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു.

ബെൽജിയത്തിനായി 126 മത്സരങ്ങളിൽ നിന്ന് 33 ഗോളും 36 അസിസ്റ്റും ഹസാർഡ് നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനായി 51 കളിയില്‍ നിന്നും നാല് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. അതേസമയം, പ്രീമിയർ ലീഗിൽ ചെൽസിക്കായി മികച്ച പ്രകടനമാണ് ഹസാര്‍ഡ് നടത്തിയത്. 245 കളിയില്‍ നിന്നായി 85 ഗോളുകള്‍ ക്ലബ്ബിനായി താരത്തിന് നേടാനായി. ചാമ്പ്യന്‍സ് ലീഗടക്കം ചെല്‍സിക്ക് നിരവധി ട്രോഫികള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഹസാർഡ്. അതേസമയം ബെല്‍ജിയം പരിശീലകന്‍ റോബെര്‍ട്ടോ മാര്‍ട്ടിനസിന് പിന്നലെ ഹസാർഡും വിരമിച്ചത് ടീമിന് വലിയ തിരിച്ചടിയാവും.