തന്ത്രങ്ങള്‍ മെനഞ്ഞ് ദഷാംപ്‌സും സ്‌കലോണിയും; കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം
വെള്ള വരയ്ക്ക് പുറത്തെ സ്‌കലോണിയും കളിക്കളത്തില്‍ നിറയുന്ന മെസ്സി മജിക്കുമാണ് എന്നും അര്‍ജന്റീനയുടെ കരുത്ത്. അര്‍ജെന്റീനയെന്നാല്‍ മെസി മാത്രമല്ല എന്നു തെളിയിച്ചതും സ്‌കലോണിയുടെ മിടുക്കാണ്. സെമിയിലെ അല്‍വാരസിന്റെ ഇരട്ടിപ്രഹരവും ഗോളി എമിലിയാനോ മാര്‍ട്ടിസിന്റെ നിശ്ചയദാര്‍ഢ്യവുമെല്ലാം സ്‌കലോണിയുടെ തന്ത്രങ്ങള്‍ തന്നെ. അതേസമയം, കളിക്കളത്തില്‍ എതിരാളിയെ ബഹുമാനിക്കുന്ന ശൈലിയാണ് ദഷാംപ്സിന്, അതുകൊണ്ടു തന്നെ പ്രതിരോധം തീര്‍ത്തുള്ള ആക്രമണ മത്സരങ്ങള്‍ തന്നെയായിരിക്കും പ്രകടമാവുക
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ മത്സരത്തിന് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.. അതിശക്തന്‍മാരായ ടീമുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇവരെ നയിക്കുന്ന പരിശീലകര്‍ക്കും ഇത് ഫൈനല്‍ പോരാട്ടമാണ്. കളിക്കളത്തില്‍ തന്ത്രങ്ങള്‍ മെനയുന്ന സ്‌കലോണിയുടെയും ഫ്രഞ്ച് പടയ്ക്ക് അതിവേഗ നീക്കങ്ങള്‍ പഠിപ്പിക്കുന്ന ദിദിയര്‍ ദഷാംപ്സിന്റെയും വിജയ തന്ത്രങ്ങള്‍ക്ക് ലുസെയ്ല്‍ സ്റ്റേഡിയം അല്‍പ്പസമയത്തിനകം സാക്ഷിയാകും.
അര്‍ജെന്റീനയും ഫ്രാന്‍സും തുല്യശക്തികളാണ്. 2018ല്‍ കണ്ട മെസിയെയും സംഘത്തെയുമല്ല ഇത്തവണ നമ്മള്‍ കണ്ടത്. സ്‌കലോണിയുടെ ചുണക്കുട്ടികള്‍ ഇത്തവണ ഡബിള്‍ സ്‌ട്രോങ്ങാണ്. എന്നാല്‍ ഫ്രാന്‍സിനെ അങ്ങനെയങ്ങ് നിസാരവത്കരിക്കാനുമാകില്ല. ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരം മുതലേ അവര്‍ എത്ര അപകടകാരികളാണെന്ന് കാണിച്ചു തന്നതാണ്. ശരവേഗത്തില്‍ ഓരോ പാസും ഗോളുകളാക്കി മാറ്റുന്ന എംപാപെയും അത്ഭുത പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്ന ജിറൂദുമൊക്കെ ഫ്രാന്‍സിന്റെ തുറുപ്പു ചീട്ടാണ്.
പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ തലയില്‍ വിരിഞ്ഞ തന്ത്രങ്ങളാണ് തോറ്റുതുടങ്ങിയ അര്‍ജെന്റീനക്കാര്‍ക്ക് സ്വപ്‌നക്കുതിപ്പില്‍ നിര്‍ണ്ണായകമായത്.2018ലെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ രാജിവെച്ച മുന്‍ പരിശീലകന്‍ സാംബോളിയുടെ പിന്‍ഗാമിയായി 2018 ഓഗസ്റ്റ് മൂന്നിനാണ് സ്‌കലോണി പരിശീലക കുപ്പായമണിഞ്ഞത്. 36 മത്സരങ്ങലിലെ അപരാജിത കുതിപ്പോടെയാണ് അര്‍ജെന്റീന ഖത്തര്‍ ലോകകപ്പില്‍ പ്രവേശിച്ചത്. പക്ഷെ അവിടെയും തോറ്റു തുടങ്ങാനായിരുന്നു നീലപ്പടയുടെ വിധി. പക്ഷ പിന്നീടങ്ങോട്ട് നീലപ്പടയുടെ മാസ്മരിക പ്രകടനമായിരുന്നു ഫുട്‌ബോള്‍ ലോകം കണ്ടത്.
വെള്ള വരയ്ക്ക് പുറത്തെ സ്‌കലോണിയും കളിക്കളത്തില്‍ നിറയുന്ന മെസ്സി മജിക്കുമാണ് എന്നും അര്‍ജന്റീനയുടെ കരുത്ത്. അര്‍ജെന്റീനയെന്നാല്‍ മെസി മാത്രമല്ല എന്നു തെളിയിച്ചതും സ്‌കലോണിയുടെ മിടുക്കാണ്. സെമിയിലെ അല്‍വാരസിന്റെ ഇരട്ടിപ്രഹരവും ഗോളി എമിലിയാനോ മാര്‍ട്ടിസിന്റെ നിശ്ചയദാര്‍ഢ്യവുമെല്ലാം സ്‌കലോണിയുടെ തന്ത്രങ്ങള്‍ തന്നെ. ഓരോ ടീമിനെതിരെയും വ്യത്യസ്ത ശൈലികൊണ്ടു വരുന്ന പരിശീലകനാണ് ലയണല്‍ സ്‌കലോണി. ടീമിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ കളിക്കളത്തില്‍ തന്ത്രങ്ങള്‍ മെനയുന്ന സ്‌കലോണി എന്നും കരുത്തായി ഇവര്‍ക്കൊപ്പമുണ്ട്.
അതേസമയം, കളിക്കളത്തില്‍ എതിരാളിയെ ബഹുമാനിക്കുന്ന ശൈലിയാണ് ദഷാംപ്സിന്, അതുകൊണ്ടു തന്നെ പ്രതിരോധം തീര്‍ത്തുള്ള ആക്രമണ മത്സരങ്ങള്‍ തന്നെയായിരിക്കും പ്രകടമാവുക എന്നതില്‍ സംശയം വേണ്ട. പരിക്കുമൂലം പ്രതിസന്ധിയിലായ ടീമിനെ ഫൈനലില്‍ വരെ ഷാംപ്‌സ് എത്തിച്ചു. ശക്തമായ പ്രതിരോധമുള്ള മധ്യനിര തന്നെയാണ് എന്നും ഫ്രാന്‍സിന്റെ ശക്തി.
ഫൈനലിലെ ആവേശപ്പോരില്‍ ഇരുടീമുകളും ഫൈനല്‍ മത്സരത്തിനായി ഒരുങ്ങുമ്പോള്‍ നിര്‍ണ്ണായകമായി മാറുന്നത് ദിദിയര്‍ ദഷാംപ്സിന്റെയും ലിയോണല്‍ സ്‌കലോണിയുടെയും തന്ത്രങ്ങള്‍ തന്നെയാണ്. അവസാന ലാപ്പിന് വിസില്‍ മുഴുങ്ങിയാല്‍ പിന്നെ 90 മിനിറ്റും ചിലപ്പോള്‍ വരുന്ന അധികസമയവും പിന്നെയും നീളുന്ന ഷൂട്ടൗട്ടും കടന്ന് അന്തിമ കാഹളം മുഴങ്ങുമ്പോള്‍ ലോകം അറിയും ഫുട്ബോളിന്റെ രാജാക്കന്‍മാരായി ആര് വാഴ്ത്തപ്പെടുമെന്ന്.