ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക്; കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൂചന
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നാസെറിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ. റൊണാൾഡോ 2.5 വർഷത്തെ കരാർ ഒപ്പുവെക്കുമെന്ന് മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. റൊണാൾഡോ കരാർ അംഗീകരിച്ചെന്നും ഇനി അവസാന നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് പുറത്തു വരുന്ന സൂചനകൾ. എന്നാൽ ഇനിയും റൊണാൾഡോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഓഫർ അൽ നാസ കഴിഞ്ഞ ആഴ്ച റൊണാൾഡോക്ക് മുന്നിൽ വെച്ചിരുന്നു. വർഷം 200 മില്യൺ ഡോളർ വേതനം ലഭിക്കുന്ന ഓഫറാണ് അൽ നാസെർ ക്ലബ് താരത്തിനായി നൽകിയിരിക്കുന്നത്. അതായത് ഏകദേശം 1600 കോടി രൂപക്ക് മുകളിൽ വരും.
നിലവിലെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ കഴിഞ്ഞ ആഴ്ച റൊണാൾഡോ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. ഇതോടെ റൊണാൾഡോ ഫ്രീ ഏജന്റായിരുന്നു. ഇതിനു പിന്നാലെയാണ് സൗദി ക്ലബ് റൊണാൾഡോയെ റാഞ്ചാൻ വലിയ ഓഫറുമായി മുന്നോട്ടു വന്നത്. കഴിഞ്ഞ സമ്മറിലും റൊണാൾഡോക്ക് സൗദിയിൽ നിന്ന് വലിയ ഓഫർ വന്നിരുന്നു. എന്നാൽ അന്ന് താൻ ചാമ്പ്യൻസ് ലീഗ് ക്ലബ് മാത്രമെ തിരഞ്ഞെടുക്കൂ എന്ന് താരം തീരുമാനിക്കുകയായിരുന്നു.
ലോകകപ്പ് കഴിയുന്ന ഉടനെ റൊണാൾഡോ തന്റെ മുന്നോട്ടുള്ള നീക്കം വെളിപ്പെടുത്തും. റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയാൽ അത് ഏഷ്യൻ ഫുട്ബോളിന്റെ വളർച്ചക്ക് തന്നെ മുതൽക്കൂട്ടാവും.