സെർബിയക്കെതിരെ വിജയത്തോളം വിലപിടിപ്പുള്ള സമനില സ്വന്തമാക്കി കാമറൂൺ
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി യിലെ അതിവാശിയേറിയ മത്സരത്തിൽ കാമറൂണും സെർബിയയും സമനിലയിൽ പിരിഞ്ഞു. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അടിയും തിരിച്ചടിയുമായി ഈ ലോകകപ്പിലെ തന്നെ ആവേശകരമായ മത്സരമാണ് കാണികൾ സാക്ഷ്യം വഹിച്ചത്. പകരക്കാരനായിറങ്ങി മത്സരത്തിൽ കാമറൂണിന് വിജയത്തോളം വിലപിടിപ്പുള്ള സമനില സമ്മാനിച്ച വിൻസന്റ് അബൂബക്കറാണ് രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച് കളിയിലെ താരമായത്. ഒരു ഗോളും ഒരു അസ്സിസ്റ്റും താരത്തിന്റെ ബൂട്ടിൽ നിന്നും പിറന്നു.
ആദ്യ പകുതിയിൽ ഇരുപത്തിയൊമ്പതാം മിനുട്ടിൽ തന്നെ കാമറൂൺ മുന്നിലെത്തി. കാമറൂണിനായി ജീൻ ചാൾസ് കാസ്റ്റലെറ്റോയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ ആക്രമിച്ചു കളിച്ച സെർബിയ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ രണ്ടു മിനുറ്റിനിടെ രണ്ടു ഗോളുകൾ നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു. സെർബിയൻ താരങ്ങളായ പാവ്ലോവിച്ചും മിലിങ്കോവിച്ച് സാവിച്ചുമാണ് സെർബിയക്ക് ആദ്യ പകുതിയിൽ ലീഡ് നേടി കൊടുത്തത്.
The points are shared after a thrilling game!@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 28, 2022
രണ്ടാം പകുതിയിൽ സെർബിയ മത്സരം കടുപ്പിച്ചതോടെ അവരുടെ മൂന്നാം ഗോൾ പിറന്നു. മിട്രോവിച്ചാണ് മൂന്നാം ഗോൾ നേടിയ മത്സരം സെർബിയയുടെ പരുതിയിലാക്കിയത്. അവിടെ നിന്നും മത്സരത്തിന്റെ ആവേശകരമായ നിമിഷങ്ങളിലേക്ക് കടന്നു. സെർബിയയുടെ ഗോളിനു വിൻസന്റ് അബൂബക്കറിനെ കാമറൂൺ പരിശീലകൻ കളത്തിലിറക്കിയത് മത്സരത്തിന്റെ ഗതിമാറ്റി. കളത്തിലിറങ്ങി എട്ടു മിനിറ്റിനകം സെർബിയൻ ഗോൾകീപ്പറെ കീഴടക്കി മികച്ച ഫിനിഷിംഗിലൂടെ താരം ടീമിനായി അവരുടെ രണ്ടാം ഗോൾ നേടി. ആദ്യം ലൈൻ റഫറി ഓഫ്‌സൈഡ് വിധിച്ചെങ്കിലും വാറിലൂടെ അത് ഗോൾ അനുവദിച്ചതോടെ കാമറൂൺ താരങ്ങൾ മത്സരത്തിലേക്ക് തിരിച്ചു വന്നു.
രണ്ടാം ഗോളിന് ശേഷം ആക്രമിച്ചു കളിച്ച കാമറൂൺ മൂന്നു മിനിട്ടുകൾക്ക് ശേഷം വീണ്ടും സെർബിയൻ വല കുലുക്കി. ആദ്യ ഗോളിന് സമാനമായ രീതിയിൽ തന്നെ ഓഫ്‌സൈഡ് ട്രാപ്പ് പൊളിച്ച വിൻസന്റ് അബൂബക്കർ ബോക്‌സിലേക്ക് മുന്നേറി നൽകിയ പാസിൽ നിന്നും ബയേൺ മ്യൂണിക്ക് താരം മാക്‌സിം ചുപ്പ മോട്ടിങ്ങാണ് കാമറൂണിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. ഇതിനു പിന്നാലെ ഇരു ടീമുകളും വിജയ ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഇരു ടീമിലെയും പ്രധിരോധം ഉറച്ചു നിന്നതോടെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു.