LogoLoginKerala

തുടർച്ചയായ നാലാം ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്

 
dimitrios
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ വിജയിക്കുന്നത്

എസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം വിജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ ജംഷദ്പൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അഡ്രിയാൻ ലൂണയുടെ അസ്സിസ്റ്റിൽ ദിമിത്രിയോസാണ് കൊമ്പന്മാരുടെ വിജയ ഗോൾ നേടിയത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ വിജയിക്കുന്നത്. 

ആദ്യ പകുതിയുടെ 17ആം മിനുട്ടിൽ ലൂണ എടുത്ത ഫ്രീകിക്കിൽ പെനാൾട്ടി ബോക്സിൽ ജംഷദ്പൂർ പ്രതിരോധ താരങ്ങൾ മാർക്ക് ചെയ്യാതെ നിന്ന ദിമിത്രിയോസ് അനായാസം പന്ത് വലയിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടുകയായിരുന്നു. തുടർച്ചയായ നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 35ആം മിനുട്ടിൽ ലൂണയുടെ ഒരു പാസിൽ നിന്ന് സഹലിന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. 37ആം മിനുട്ടിൽ ഋത്വിക്കിന്റെ ഒരു പവർഫുൾ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ഗിൽ രക്ഷപെടുത്തി. 

new

രണ്ടാം പകുതിയിൽ ഇവാൻ കൽയുഷ്‌നിയുടെ ഒരു തകർപ്പൻ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. ആദ്യ പകുതിയിൽ മെല്ലെ കളിച്ച  ജംഷദ്പൂർ രണ്ടാം പകുതിയിൽ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചിമയുടെയും ഹാർട്ലിയുടെയും ഹെഡറുകൾ ഇടക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഭീഷണി ഉയർത്തിയെങ്കിലും പ്രതിരോധം ഉറച്ചു നിന്നതോടെ ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ നാലാം ജയം സ്വാന്തമാക്കി.

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 15 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. തുടർച്ചയായ അഞ്ചാം പരാജയം ഏറ്റു വാങ്ങിയ ജംഷദ്പൂർ നാല് പോയിന്റുമായി പത്താം സ്ഥാനത്താണ്. ഈ മാസം 11ന് നടക്കുന്ന അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സിയെ കൊച്ചിയിൽ നേരിടും.