LogoLoginKerala

ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ് സ്ഥാനം ഒഴിഞ്ഞു

 
roberto
2016ലാണ് റോബർട്ടോ മാർട്ടിനെസ് ബെൽജിയം പരിശീലകനായി ചുമതലയേറ്റത്

ലോകകപ്പിൽ റൗണ്ട് ഓഫ് 16 ഘട്ടത്തിലേക്ക് യോഗ്യത നേടാതെ ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയം അപ്രതീക്ഷിതമായി പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനം ഒഴിഞ്ഞു പരിശീലകൻ റോബർട്ടോ മാർട്ടിനസ്. കഴിഞ്ഞ ആറ് വർഷമായി ബെൽജിയത്തിന്റെ പരിശീലകൻ ആയിരുന്ന റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ ആദ്യമായാണ് ലോക രണ്ടാം നമ്പർ ടീമായ ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ ഒരു പ്രധാന ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്. 

ഇന്നത്തെ മത്സരം തന്റെ അവസാന മത്സരമാണെന്നും വളരെ വൈകാരികമായ നിമിഷമാണിതെന്നും മാർട്ടിനസ് പറഞ്ഞു. ഇന്ന് വിജയിച്ചില്ലെങ്കിലും  തല ഉയർത്തി തന്നെ ഈ ടീമിന് മടങ്ങാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഗ്രൂപ്പ് എഫിലെ അവസാന ഗ്രൂപ്ഘട്ട മത്സരത്തിൽ ക്രൊയേഷ്യയയോട് വിജയിച്ചിരുന്നെങ്കിൽ ബെൽജിയത്തിന് പ്രീക്വാർട്ടറിൽ കടക്കാമായിരുന്നു. എന്നാൽ മത്സരത്തിൽ ബെൽജിയത്തിനെ ഗോൾരഹിത സമനിലയിൽ തളച്ച് ക്രൊയേഷ്യ നോക്ക് ഔട്ട് റൗണ്ടിലേക്ക് കടന്നു.

2016ലാണ് റോബർട്ടോ മാർട്ടിനെസ് ബെൽജിയം പരിശീലകനായി ചുമതലയേറ്റത്. 2018-ൽ റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിൽ ബെൽജിയത്തെ മൂന്നാം സ്ഥാനത്തേക്ക് നയിക്കാൻ മാർട്ടിനസിന് സാധിച്ചിരുന്നു. സെമിയിൽ ഫ്രാൻസിനോട് തോറ്റാണ് ബെൽജിയം അന്ന് പുറത്തായത്. ഇതിനു പിന്നാലെ 2020 യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലും ടീമിനെ എത്തിച്ചു. ദീർഘകാലം ബെൽജിയം ലോക റാങ്കിംഗിൽ ഒന്നാമതായി തുടർന്നതും മാർട്ടിനസിന്റെ കീഴിൽ ആയിരുന്നു. എന്നാൽ ബെൽജിയൻ ഫുട്ബോളിലെ സുവർണ്ണ തലമുറയെ ഒരു കിരീടത്തിലേക്ക് നയിക്കാൻ മാർട്ടിനസിനായില്ല.