LogoLoginKerala

ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സ്റ്റാർകും സാമ്പയും; ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

 
aus
അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത്, മാര്‍നൊസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്

സിഡ്നി: രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ഏകദിനത്തില്‍ 72 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 208 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കി. 

മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ആദം സാമ്പയുടേയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ആദം സാമ്പ 9.5 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് എട്ടോവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ജോഷ് ഹേസില്‍വുഡ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ച്വറി നേടിയ സാം ബില്ലിംഗ്‌സും ജംസ് വീന്‍സുമാണ് പൊരുതിയത്. ബില്ലിംഗ്‌സ് 80 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 71 റൺസ് നേടിയപ്പോൾ വീന്‍സ 72 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സും സ്വന്തമാക്കി. ജേസൺ റോയ് (0), ഫില്‍ സാള്‍ട്ട് (23), ഡേവിഡ് മലാന്‍ (0), മൊയീന്‍ അലി (10), ക്രിസ് വോക്‌സ് (7), സാം കറണ്‍ (0), ലിയാം ഡേവ്‌സണ്‍ (20), ഡേവിഡ് വില്ലി (6), ആദില്‍ റാഷിദ് (3) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 280 റണ്‍സ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത്, മാര്‍നൊസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ഫോമിലേക്ക് തിരിച്ചെത്തിയ  സ്മിത്തിന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ച്വറി നഷ്ടമായത്. 114 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 94 റണ്‍സാണ് സ്മിത്ത് നേടിയത്. ആദില്‍ റാഷിദിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച സ്മിത്ത് പുറത്താവുകയായിരുന്നു. സ്മിത്തിനെ കൂടാതെ മാര്‍ക്കസ് ലബുഷെയ്ന്‍ 55 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്തപ്പോള്‍ മിച്ചല്‍ മാര്‍ഷ് 59 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 50 റണ്‍സും സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ലിയാം ഡേവ്‌സണ്‍ 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സും ഡേവിഡ് വില്ലിയും രണ്ട് വിക്കറ്റും മൊയീന്‍ അലി ഒരു വിക്കറ്റും സ്വന്തമാക്കി.