തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി ലാബൂഷാനെ; പിങ്ക് ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ

വിൻഡീസിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 330/3 എന്ന മികച്ച സ്കോറിലെത്തി. തുടർച്ചയായ മൂന്നാം സെഞ്ച്വറി കുറിച്ച മാര്‍നസ് ലാബൂഷാനെയുടെ മികവിലാണ് ഓസീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
120 റൺസുമായി മാര്‍നസ് ലാബൂഷാനെയും 114 റൺസ് നേടി ട്രാവിസ് ഹെഡും ആണ് ക്രീസിലുള്ളത്. ആദ്യ ടെസ്റ്റിൽ ഒരു റൺസിന് സെഞ്ച്വറി നഷ്ടപെട്ട ട്രാവിസ് ഹെഡ് ഇത്തവണ തൻ്റെ പേരിൽ സെഞ്ച്വറി കുറിക്കുകയായിരുന്നു. 199 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയിട്ടുള്ളത്.
ഓപ്പണർമാരായ ഉസ്മാന്‍ ഖവാജ(62), ഡേവിഡ് വാര്‍ണര്‍(21), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്(0) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. വിൻഡീസിനായി അൽസാരി ജോസഫ്, ജേസൺ ഹോൾഡർ, ഡെവോൺ തോമസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
രണ്ടു മത്സര ടെസ്റ്റ് പരമ്പരയുടെ പെർത്തിൽ നടന്ന ആദ്യ മത്സരം ഓസ്ട്രേലിയ 164 റൺസിന് വിജയിച്ചിരുന്നു.