നിര്‍ണായക മത്സരത്തിൽ ടുണീഷ്യയെ തകർത്ത് ഓസ്‌ട്രേലിയ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ടുണീഷ്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഒരു ഗോളിന്റെ തകർപ്പൻ ജയം. നിര്‍ണായകമായ മത്സരത്തിൽ ഇരു ടീമുകളും തകർപ്പൻ മുന്നേറ്റങ്ങൾ നടത്തിയപ്പോൾ 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്കിന്റെ ഹെഡറിലൂടെ ഓസ്ട്രേലിയ വിജയഗോള്‍ നേടുകയായിരുന്നു.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ മിച്ച് ഡ്യൂക്ക് ഓസ്‌ട്രേലിയയെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ടൂണിഷ്യ മുന്നേറ്റങ്ങള്‍ കടുപ്പിച്ചെങ്കിലും ഓസ്ട്രേലിയന്‍ ഗോള്‍ കീപ്പര്‍ റയാനെ മറികടന്ന് ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ ടുണീഷ്യ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് അവർക്ക് വിനയായി. 71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഓസ്‌ട്രേലിയയ്ക്ക് കിട്ടിയെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ടുണീഷ്യൻ താരങ്ങൾ ആക്രമിച്ചു കളിച്ചെങ്കിലും ഓസ്‌ട്രേലിയൻ പ്രധിരോധം ഉറച്ചു നിന്നു.