വാർണറും സ്മിത്തും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം
അഡ്‌ലൈഡ്: ട്വന്റി 20 ലോകകപ്പിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 46.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-0 ന് ഓസ്‌ട്രേലിയ മുന്നിലെത്തി. ഡേവിഡ് വാർണർ (86), സ്റ്റീവ് സ്‌മിത്ത് (80 നോട്ടൗട്ട്), ട്രാവിസ് ഹെഡ് (69) എന്നിവരുടെ മികവിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ ഇംഗ്ലണ്ടിനായി തകർപ്പൻ സെഞ്ചുറി നേടിയ ഡേവിഡ് മലാൻ്റെ (128 പന്തിൽ 134) പ്രകടനം പാഴായി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 287 റണ്‍സിലെത്തിയത്. ഫിലിപ് സാൾട്ട് (14), ജേസൻ റോയ് (6), ജെയിംസ് വിൻസ് (5), സാം ബില്ലിങ്ങ്സ് (17) എന്നിവർ വേഗം മടങ്ങിയപ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിലേക്ക് തകർന്നു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജോസ് ബട്ലർ- ഡേവിഡ് മലാൻ സഖ്യമാണ് ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തിയത്. മലാനെ കൂടാതെ 34 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ളറും 40 പന്തില്‍ മൂന്ന് ഫോറടക്കം പുറത്താകാതെ 34 റണ്‍സെടുത്ത ഡേവിഡ് വില്ലിയുമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ച് നിന്നത്. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് 10 ഓവറില്‍ 62 റണ്‍സ് വഴങ്ങിയും ആദം സാംമ്പ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കസ് സ്റ്റോണ്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റില്‍ വാര്‍ണറും ഹെഡും ചേര്‍ന്ന് 147 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രണ്ടാം വിക്കറ്റില്‍ വാര്‍ണറും സ്മത്തും ചേര്‍ന്ന് 53 റണ്‍സും അടിച്ചെടുത്തു. ഇവരെ കൂടാതെ അലക്‌സ് ക്യാരി 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെയും നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി രണ്ട് വിക്കറ്റും വീഴ്ത്തി.