ചെകുത്താന്മാരുടെ ചിറകൊടിച്ച് ആസ്റ്റൺ വില്ല; മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റന്‍ വില്ല യുണൈറ്റഡിനെ തകർത്തു. കളി തുടങ്ങി ഏഴാം മിനിറ്റിൽ ലിയോണ്‍ ബെയ്‌ലിയിലൂടെ ആസ്റ്റൺ വില്ല മുന്നിലെത്തി. തുടർന്ന് പതിനൊന്നാം മിനിറ്റിൽ ലൂക്കാസ് ഡിഗ്‌നേ വില്ലയുടെ ലീഡ് രണ്ടായി ഉയർത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജേക്കബ് റാംസേയുടെ സെല്‍ഫ് ഗോളിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി.
രണ്ടാം പകുതിയിൽ ആക്രമിച്ചു കളി തുടങ്ങിയ ആസ്റ്റൺ വില്ല 49-ാം മിനിറ്റിൽ ജേക്കബ് റാംസേയുടെ തകർപ്പൻ ഗോളിലൂടെ ലീഡുയർത്തി. പിന്നീട് പൊരുതി കളിച്ച് കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കുകയും കൂടുതല്‍ ഷോട്ടുകളുതിര്‍ക്കുകയും ചെയ്‌തെങ്കിലും ആസ്റ്റൺ വില്ല ഗോൾ കീപ്പർ മാർട്ടിനെസിനെ മറികടന്ന് യുണൈറ്റഡിന് ഗോൾ നേടാനായില്ല.
സീസണിലെ നാലാം തോല്‍വി നേരിട്ട യുണൈറ്റഡ് 13 കളിയില്‍ 23 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. 14 കളികളിൽ നാല് ജയവുമായി 15 പോയിന്റുള്ള ആസ്റ്റൺ വില്ല പതിമൂന്നാം സ്ഥാനത്തേക്ക് കയറി.
അതേസമയം, പതിനൊന്നാം ജയത്തോടെ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരുഗോളിന് മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയെ തോല്‍പിച്ചു. അറുപത്തിമൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ മഗാലസാണ് നിര്‍ണായക ഗോള്‍ നേടിയത്. 13 കളിയില്‍ 34 പോയിന്റുമായാണ് ആഴ്‌സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 32 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.