'അര്‍ജന്റീനയുടെ കളികാണാന്‍ സ്‌കൂള്‍ വിടണം'പറയുന്നത് ആരാണെന്നോ?
ലോകകപ്പിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ളവര്‍. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുറമെ മറ്റുളളവര്‍ക്കും ലോകകപ്പ് ഉത്സവ പ്രതീതിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഖത്തറില്‍ ലോകകപ്പിന് തുടക്കമായത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ഇപ്പോള്‍ ലോകമെമ്പാടും ഒരു പന്തിന് പിന്നാലെയാണ് എന്ന് തന്നെ വേണം പറയാന്‍.
കേരളത്തിലാണെങ്കില്‍ വളരെ മുന്‍പ് തന്നെ ലോകകപ്പ് ആവേശം തുടങ്ങിയതാണ്. ഇഷ്ട ടീമുകളുടെ ഫ്‌ളക്‌സ് വെച്ചും കട്ടൗട്ട് വെച്ചും ആരാധകര്‍ പരസ്പരം മത്സരത്തിലാണ്. അതേസമയം ഇപ്പോള്‍ മറ്റൊരു രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടി അര്‍ജന്റീന ഫാന്‍സിന്റെ ഒരപേക്ഷയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. അര്‍ജന്റീനയുടെ കളികാണുന്നതിന് വേണ്ടി അവധി ചോദിച്ചുകൊണ്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എഴുതിയ അപേക്ഷയാണ് ഏവരിലും ചിരിപടര്‍ത്തുന്നത്. 12 വിദ്യാര്‍ത്ഥികളാണ് ഒപ്പിട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇനി എന്താണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നതെന്നി വിശദമായി തന്നെ വായിച്ച് നോക്കാം.
'ലോകകപ്പ് പശ്ചാത്തലത്തില്‍ നാളെ 3.30ന് അര്‍ജന്റീന V/S സൗദ് അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ 3 മണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...അര്‍ജന്റീന ഫാന്‍സ് എന്‍എച്ച്എസ്എസ്' എന്നാണ് കത്ത്.
എന്തായാലും കുട്ടി അര്‍ജന്റീന ആരാധകരുടെ കത്ത് സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. അര്‍ജന്റീന ആരാധകര്‍ ആവേശത്തോടെയാണ് കത്തിനെ ഏറ്റെടുത്തിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ കേരളത്തിലെ ലോകകപ്പ് ആവേശം എത്രത്തോളമാണെന്ന് മനസ്സിലാക്കാം. ലോകകപ്പില്‍ മത്സരങ്ങള്‍ ആവേശത്തോടെ തുടരുമ്പോള്‍ അതിലേറെ ആവേശത്തിലാണ് ആരാധകരും. പൊരുതി മുന്നേറി ആര് ലോകകപ്പ് നേടുമെന്ന് ഡിസംബര്‍ 18 ന് അറിയാം