സൗഹൃദമത്സരത്തിൽ യുഎഇയെ തകർത്ത് അർജന്റീന

ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ യുഎഇയെ തകർത്ത് അർജൻ്റീന. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. ഏഞ്ചൽ ഡി മരിയ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ലയണൽ മെസി, ജോക്വിൻ കൊറിയ എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.
🏆 #SelecciónMayor - Amistoso
— Selección Argentina 🇦🇷 (@Argentina) November 16, 2022
⚽ @Argentina 🇦🇷 5 (Julián Álvarez, Ángel Di María x2, Lionel #Messi y Joaquín Correa) 🆚 Emiratos Árabes Unidos 🇦🇪 0
👉 ¡Final del partido!
🔜 El próximo martes será el debut de la Albiceleste en #Qatar2022. ¡Vamos #TodosJuntos! pic.twitter.com/LUaepes5ho
17ആം മിനിട്ടിലാണ് അർജൻ്റീനയുടെ ആദ്യ ഗോൾ പിറന്നത്. ലയണൽ മെസി നൽകിയ പന്തിൽ ജൂലിയൻ അൽവാരസ് വല കുലുക്കുകയായിരുന്നു. തുടർന്ന് അറ്റാക്ക് ചെയ്തു കളിച്ച അർജന്റീന 25ആം മിനിട്ടിൽ മാർക്കോസ് അക്യൂനയുടെ ഒരു തകർപ്പൻ ക്രോസിൽ നിന്ന് ഡിമരിയയിലൂടെ രണ്ടാം ഗോൾ നേടി. 36ആം മിനിട്ടിൽ അലക്സിസ് മാക് അലിസ്റ്ററിൽ നിന്ന് പന്ത് സ്വീകരിച്ച ഡിമരിയ ചടുല നീക്കത്തിലൂടെ ഗോളിയെ മറികടന്ന് തന്റെ രണ്ടാം ഗോളും കുറിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ 44ആം മിനിട്ടിൽ മെസിയും യുഎഇ വലയിൽ നിറയൊഴിച്ചു. 60ആം മിനിട്ടിൽ ഡിപോളിൻ്റെ അസിസ്റ്റിൽ ജോക്വിൻ കൊറിയ അർജന്റീനയുടെ ഗോൾ പട്ടിക തികച്ചു.
കളിയിലുടനീളം അർജന്റീന തന്നെ നിറഞ്ഞുനിന്നെങ്കിലും ഒറ്റപ്പെട്ട അവസരങ്ങൾ യുഎഇയ്ക്ക് ലഭിച്ചു. എന്നാൽ അതൊന്നും ഗോൾ ആക്കി മാറ്റാൻ യുഎഇ താരങ്ങൾക്കായില്ല. 81ആം മിനിട്ടിൽ ഒരു തകർപ്പൻ മുന്നേറ്റത്തിലൂടെ യുഎഇ ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും അർജന്റീന പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിൻ്റെ മിന്നൽ ഗോൾ ലൈൻ ക്ലിയറൻസ് യുഎഇയ്ക്ക് ഗോൾ നിഷേധിച്ചു.