LogoLoginKerala

അവിശ്വസനീയ തിരിച്ച് വരവ്; ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി

 
isl
രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ ഒഡീഷ പരാജയപ്പെടുത്തിയത്

കൊൽക്കത്ത: ഐഎസ്എല്ലിൽ അവിശ്വസനീയ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ ഒഡീഷ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടി സെംബോയ് ഹാവോകിപും നോറെം സിങ്ങും ആദ്യ പകുതിയിൽ ലക്ഷ്യം കണ്ടപ്പോൾ രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ അടിച്ച് പെഡ്രോ മാർട്ടിനും ഓരോ ഗോൾ വീതമടിച്ച് ജെറിയും നന്ദകുമാറും മറുപടി നൽകി. രണ്ടാം പകുതിയിലെ വമ്പൻ തിരിച്ച് വരവാണ് ഒഡീഷ എഫ്സിക്ക് തുണയായത്.

കളിയുടെ തുടക്കത്തിൽ തന്നെ കൊൽക്കത്തൻ ക്ലബ്ബ് അക്രമിച്ചു തുടങ്ങി. തുടർച്ചയായ ആക്രമണത്തിനൊടുവിൽ വിപി സുഹൈറിന്റെ സഹായത്തോടെ ഹവോകിപ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ നേടി. 35ആം മിനുട്ടിൽ വീണ്ടും സുഹൈറിന്റെ തന്നെ അസിസ്റ്റിൽ മറ്റൊരു ഈസ്റ്റ് ബംഗാൾ ഗോൾ പിറന്നു. ഇത്തവണ നോറെം സിംഗായിരുന്നു ഒഡീഷയുടെ വലകുലുക്കിയത്. 

എന്നാൽ രണ്ടാം പകുതിയിൽ ഒഡീഷ കോച്ച് ജോസെപ് ഗോമ്പവ് തകർപ്പൻ തിരിച്ചു വരവ് നടത്തി. തന്റെ വജ്രായുധമായ പെഡ്രോ മാർട്ടിനെ  രണ്ടാം പകുതിയിൽ അവതരിപ്പിച്ചപ്പോൾ ജയം ഒഡീഷക്ക് ഒപ്പമായി. രണ്ടു മിനിറ്റുകൾക്കിടെ രണ്ടു ഗോളടിച്ച് മാർട്ടിൻ ഒഡീഷക്ക് സമനില പിടിച്ചു നൽകി. തുടർന്ന് ഉണർന്നു കളിച്ച ഒഡിഷ രണ്ടാം പകുതിയിൽ ഇറങ്ങിയ മറ്റൊരു താരം ജെറിയിലൂടെ ലീഡ് നേടി. വൈകാതെ നന്ദകുമാർ ശേഖറിലൂടെ ഒഡീഷ എഫ്സി ലീഡുയർത്തുകയും 2-4ന്റെ അവിശ്വസനീയ ജയം സ്വന്തമാക്കുകയും ചെയ്തു.