LogoLoginKerala

ഇന്ത്യ അർഹിച്ച തോൽവിയെന്ന് അക്തര്‍; തോൽ‌വിയിൽ ട്രോളി പാക് പ്രധാനമന്ത്രിയും

 
india new

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയതെന്നും ഈ തോല്‍വി അവരെ കാലങ്ങളോളം വേട്ടയാടുമെന്നും അക്തര്‍ പറഞ്ഞു.


"ഈ തോല്‍വി ഇന്ത്യ അര്‍ഹിച്ചതാണ്. ഫൈനലിന് അവര്‍ യോഗ്യരായിരുന്നില്ല. കാരണം, അത്രക്ക് മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യയുടേത്. ഇന്ത്യന്‍ ബൗളിംഗിന്‍റെ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടപ്പെട്ടു. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രം മികച്ച ബൗളിംഗ് നടത്തുന്നവരാണ് ഇന്ത്യന്‍ പേസര്‍മാര്‍. അഡ്‌ലെയ്ഡില്‍ ഇന്ന് പേസര്‍മാര്‍ക്ക് അനുകൂല സാഹചര്യമായിരുന്നെങ്കിലും എക്സ്പ്രസ് പേസര്‍മാരില്ലാത്തതിനാല്‍ ഇന്ത്യക്ക് അത് മുലെടുക്കാനായില്ല. ഒരു മത്സരത്തില്‍ പോലും ഇന്ത്യ എന്തുകൊണ്ട് ചാഹലിനെ കളിപ്പിച്ചില്ല എന്ന് എനിക്ക് മനസിലാവുന്നില്ല. ഇന്ത്യയുടെ ടീം സെലക്ഷന്‍ അപ്പാടെ ആശയക്കുഴപ്പമായിരുന്നു" - അക്തർ പറഞ്ഞു. ഒട്ടും വൈകാതെ ഇന്ത്യയുടെ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അക്തര്‍ കൂട്ടിച്ചേർത്തു.

അതേസമയം തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ തോൽ‌വിയിൽ ട്രോളി മുന്നോട്ടു വന്നിരിക്കുന്നത്. ഈ ഞായറാഴ്ച ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ 152/0 vs 170/0 എന്നിവര്‍ ഏറ്റുമുട്ടുമെന്നാണ് പാക് പ്രധാനമന്ത്രി  ഷെഹ്‍ബാസ് ഷരീഫ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിൽ പാകിസ്ഥാനെതിരെയും ഇന്ന് ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ സ്കോര്‍ ട്വീറ്റ് ചെയ്താണ് പാക് പ്രധാനമന്ത്രിയുടെ പരിഹാസം.