LogoLoginKerala

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനെതിരെ എടികെ മോഹൻബഗാന് തകർപ്പൻ ജയം

 
isl

കൊൽക്കത്ത: ഐഎസ്എല്ലിൽ ആദ്യ ജയത്തിനായി മോഹിച്ചിറങ്ങിയ നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് എടികെ മോഹൻബഗാൻ. എടികെ മോഹൻബഗാന് വേണ്ടി ലിസ്റ്റൻ കൊളാക്കോയും സുഭാശിഷ് ബോസും ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റിനു വേണ്ടി ആരോൺ ഇവാൻസ് വല കുലുക്കി.

ആദ്യ ജയം മോഹിച്ചിറങ്ങിയ നോർത്ത് ഈസ്റ്റ് തുടക്കം മുതലേ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ദിമിത്രി പെട്രാറ്റോസ് ബഗാന് വേണ്ടി ആദ്യം വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ 35 ആം മിനിറ്റിൽ ലിസ്റ്റന്റെ തകർപ്പൻ ഷോട്ടിലൂടെ ബഗാൻ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചതോടെ കളി ആവേശത്തിലായി. ഒടുവിൽ 81 ആം മിനിറ്റിൽ ആരോൺ ഇവാൻസിന്റെ തകർപ്പൻ ഗോളിലൂടെ നോർത്ത് ഈസ്റ്റ് ഒപ്പമെത്തി.


കളി ഇഞ്ചുറി ടൈമിലേക്കു പോകുന്നതിനു തൊട്ടു മുന്നേയാണ് നോർത്ത് ഈസ്റ്റിന്റെ പ്രധിരോധ പിഴവ് മുതലെടുത്ത് സുഭാശിഷ് ബോസ് ബഗാന്റെ വിജയഗോൾ നേടിയത്. പ്രതിരോധ നിറയെ നോക്ക് കുത്തിയാക്കി സുഭാശിഷ് ഹെഡ് ചെയ്ത് പന്ത് വലയിൽ എത്തിക്കുകയായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബഗാൻ 26 ഷോട്ടുകൾ പായിച്ചപ്പോൾ എട്ടെണ്ണം മാത്രമാണ് നോർത്ത് ഈസ്റ്റിനു തൊടുക്കാനായത്.

ജയത്തോടെ അഞ്ച് കളിയിൽ നിന്നു മൂന്ന് ജയം ഉൾപ്പടെ പത്ത് പോയിന്റുമായി എടികെ മോഹൻബഗാൻ രണ്ടാം സ്ഥാനത്തേക്ക് കേറിയപ്പോൾ ആറ് കളികളിൽ ഒറ്റ ജയം പോലും കണ്ടെത്താനാവാതെ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.