ഐഎസ്എല്ലിൽ എടികെ മോഹൻബഗാനും ഹൈദരാബാദിനും ജയം
ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരങ്ങളിൽ എടികെ മോഹൻബഗാനും ഹൈദരാബാദിനും ജയം. ഹോം ഗ്രൗണ്ടായ കാണ്ടീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സി എടികെയോട് തുടർച്ചയായ രണ്ടാം പരാജയം ഏറ്റു വാങ്ങിയപ്പോൾ മറ്റൊരു മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദ് മറികടന്നു.
എടികെ മോഹൻബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. എടികെക്കായി ദിമിത്രി പെട്രാഡോസാണ് മത്സരത്തിലെ ഏക ഗോൾ കണ്ടെത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് എടികെ വിജയ ഗോൾ നേടിയത്. ഹ്യൂഗോ ബോമസിന്റെ അസ്സിസ്റ്റിലായിരുന്നു ദിമിത്രി പെട്രാഡോസ് എടികെക്കായി വല കുലുക്കിയത്.
നേരത്തെ ചെന്നൈയിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. അറുപത്തിയഞ്ചാം മിനിറ്റിൽ ഹാളിചരൻ നർസാരിയാണ് ഹൈദരാബാദിനായി ആദ്യ ഗോൾ നേടിയത്. അഞ്ച് മിനിറ്റുകൾക്ക് ശേഷം പ്രതിരോധ താരം അജിത് കുമാർ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായതോടെ ചെന്നൈയിൻ വിയർത്തു. എഴുപത്തിനാലാം മിനിറ്റിൽ കൊൻഷാം സിങ് ഹൈദരാബാദിന്റെ ലീഡ് വർധിപ്പിച്ചു. എഴുപത്തിയെട്ടാം മിനിറ്റിൽ സ്ലിസ്കോവിച്ചിന്റെ ഹെഡർ ഗോളിൽ ചെന്നൈയിൻ അവരുടെ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും പകരക്കാരനായെത്തിയ ബോർഹ ഹെരേര ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ച് മൂന്നാം ഗോളും നേടിയതോടെ ചെന്നൈയിൻ മുട്ടുമടക്കി.
ബെംഗളൂരുവിനെതിരെ വിജയിച്ചെങ്കിലും നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് എടികെ മോഹൻബഗാൻ. രണ്ടു മത്സരങ്ങൾ മാത്രം ജയിച്ചിട്ടുള്ള ബെംഗളൂരു ഒമ്പതാം സ്ഥാനത്താണ്. മറുവശത്ത് ചെന്നൈയിനെതിരെ ജയം സ്വന്തമാക്കിയ ഹൈദരാബാദ് ആറ് ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ മൂന്നു ജയവുമായി ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ എഫ് സി.