പാക്കിസ്ഥാൻ ഫൈനലിൽ പ്രവേശിക്കില്ല; ട്വന്റി 20 ലോകകപ്പ് വിജയികളെ പ്രവചിച്ച് എബി ഡിവില്ലേഴ്‌സ്

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലേഴ്‌സ്. എന്നാല്‍ ഫൈനലില്‍ പാകിസ്ഥാന്‍ എതിരാളികളായി വരാന്‍ സാധ്യതയില്ലെന്നും ന്യൂസിലന്‍ഡായിരിക്കും കലാശപ്പോരില്‍ ഇന്ത്യയെ നേരിടുകയെന്നുമാണ് ഡിവില്ലേഴ്‌സിന്റെ പ്രവചനം. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ഡിവില്ലേഴ്‌സ്.
‘എല്ലാവരും നന്നായി കളിക്കുന്നു. സൂര്യകുമാര്‍ യാദവും വിരാട് കോലിയും മികച്ച ഫോമിലാണ്. രോഹിത് ശര്‍മ്മ അത്ര നല്ല നിലയിലല്ല. എന്നാല്‍ ടീം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സമയത്ത് രോഹിത് ഫോമിലേക്ക് ഉയരും. രോഹിത് ഗംഭീര താരമാണ്. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രതിഭാസമ്പന്നമാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച മത്സരം പ്രതീക്ഷിക്കുന്നു. ഈ മത്സരമായിരിക്കും ഇന്ത്യയുടെ വലിയ വെല്ലുവിളി. സെമിയില്‍ ഇംഗ്ലണ്ടിനോട് ജയിച്ചാല്‍ ഇന്ത്യ കപ്പുയര്‍ത്തും’ എന്നും എബിഡി പറഞ്ഞു.
നവംബര്‍ പത്തിന് അഡ്ലെയ്ഡ് ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ പാകിസ്ഥാൻ ന്യൂസിലന്‍ഡിനെ സിഡ്‌നിയിൽ നേരിടും. 13-ാം തീയതി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലിലേക്ക് ഏതു രണ്ടു ടീമുകളാവും എത്തുകയെന്ന് ഉറ്റു നോക്കുകയാണ് ക്രിക്കറ്റ് ലോകം.