LogoLoginKerala

ന്യൂസിലന്‍ഡിനെതിരെ 'സൂര്യതാണ്ഡവം'; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

 
new
തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡയുമാണ് ഇന്ത്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 65 റണ്‍സിന്റെ ജയമാണ് ഇന്ത്യന്‍ യുവനിര ന്യൂസിലന്‍ഡിനെതിരെ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126 റണ്‍സിന് പുറത്തായി. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡയുമാണ് ഇന്ത്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ദീപക് ഹൂഡ 2.5 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് നേടിയത്. ഹൂഡയെ കൂടാതെ യുസ് വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും മുഹമ്മദ് സിറാജ് 24 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി 52 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സെടുത്ത കെയ്ന്‍ വില്യംസനാണ് പൊരുതിയത്. കോണ്‍വെ 25ഉം ഗ്ലെന്‍ ഫില്‍പ്പ് 12ഉം ഡെയ്ല്‍ മിച്ചല്‍ 10 റണ്‍സും നേടിയെങ്കിലും മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവ് ന്യൂസീലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 51 പന്തില്‍ ഏഴ് സിക്‌സും 11 ഫോറും സഹിതം പുറത്താകാതെ 111 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. സൂര്യയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാനായത്. സൂര്യയുടെ രണ്ടാം ടി20 സെഞ്ചുറിയാണിത്. ടിം സൗത്തി ന്യൂസിലന്‍ഡിന് വേണ്ടി അവസാന ഓവറിൽ ഹാട്രിക്കോടെ മൂന്ന് വിക്കറ്റും നേടി. ലോക്കി ഫെര്‍ഗൂസണ് രണ്ട് വിക്കറ്റും നേടി.