LogoLoginKerala

കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; ഹൈദെരാബാദിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം

 
B
18ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോള്‍ കുറിച്ചത്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. 18ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോള്‍ കുറിച്ചത്. ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 

കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഹൈദരാബാദിന്റെ തട്ടകത്തിൽ പോയി ബ്ലാസ്റ്റേഴ്‌സ് അതിനു പകരം വീട്ടുകയും ചെയ്തു. തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ബ്ലാസ്റ്റേഴ്സ്. ആറ് കളിയില്‍ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഹൈദരാബാദ് എഫ്‌സി 16 പോയിന്‍റുമായി ഒന്നാംസ്ഥാനക്കാരായി തന്നെ തുടരും.


ആവേശകരമായ ആദ്യപകുതിയിൽ ഇരു ടീമുകളും മികച്ച കളി കാഴ്ച വെച്ചു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തിൽ കലിയുഷ്നിയുടെ നീക്കത്തില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് വിജയഗോൾ കണ്ടെത്തി. 18ാം മിനിറ്റില്‍ ഡയമന്റാകോസിന്റെ കിടിലൻ ഷോട്ട് ഹൈദരാബാദ് വലതുളച്ചു. ലീഡെടുത്തതിന് പിന്നാലെ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തുടരെ ആക്രമിച്ചു കൊണ്ടിരുന്നു. 37ാം മിനിറ്റില്‍ സഹലിന് മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 

രണ്ടാംപകുതിയില്‍ ഹൈദാരാബാദ് ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പിടികൊടുത്തില്ല. സമ്മര്‍ദമില്ലാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കടുപ്പിച്ചു. ഒപ്പമെത്താന്‍ ഹൈദാരാബാദ് കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം ഒരുപോലെ പ്രതിരോധിച്ചത് കേരളത്തിന് വിനയായി. അവസാന വിസില്‍ വരെ മുൾമുനയിൽ ആയിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് കേരളം വിജയം സ്വന്തമാക്കി. ഡിസംബര്‍ നാലിന് ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.