LogoLoginKerala

ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്

ഐ പി എല്‍ ലൈനപ്പ് ഉറപ്പിച്ചു, ഞായറാഴ്ച ഫൈനല്‍
 
ipl


പി എല്‍ പതിനാറാം സീസന്റെ ഫൈനല്‍ ലൈനപ്പായി ഡല്‍ഹി കാപിറ്റല്‍സിനെ 77 റണ്‍സിന് തരിപ്പണമാക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേഓഫില്‍ കടന്നത്. അവസാന പന്ത് വരെ ആവേശം നിലനിര്‍ത്തിയ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒരു റണ്ണിന് തോല്‍പിച്ചായിരുന്നു  ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്ലേ ഓഫ് പ്രവേശം. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഞായറാഴ്ച നടന്ന അവസാന മത്സരത്തില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി. ഈ മത്സരത്തോടെ പോയിന്റ് നിലയില്‍ മുന്നിലേക്ക് കയറിയ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകള്‍ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിന് പിന്നാലെയായിരുന്നു പ്ലേഓഫില്‍ ഇടം പിടിച്ചത്. 18 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്. 17 പോയിന്റോടെ ചെന്നൈ രണ്ടാം സ്ഥാനക്കാരായും ലഖ്നൗ മൂന്നാമന്‍മാരായുമാണ് പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചത്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ഇന്നലെ ജീവന്‍മരണ പോരാട്ടമായിരുന്നു.  14 പോയിന്റാണ് ബാംഗ്ലൂര്‍, രാജസ്ഥാന്‍, മുംബൈ ടീമുകള്‍ക്ക് ഉള്ളത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് ആറാം സ്ഥാനത്തുമായിരുന്നു. വിജയത്തിനൊപ്പം ഭാഗ്യവും തുണച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്ക് കുതിച്ചെത്തിയത്.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു സാധാരണ ജയം മാത്രമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആവശ്യം. പക്ഷേ, ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരം ആഘോഷമാക്കാന്‍ ഉറപ്പിച്ച് എം.എസ്.ധോണിയും സംഘവും ഇറങ്ങിയപ്പോള്‍ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ആകാശം സിക്‌സറുകള്‍ കൊണ്ട് നിറഞ്ഞു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, 14 സിക്‌സും 17 ഫോറുമടക്കം 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം 77 റണ്‍സ് അകലെ അവസാനിച്ചു.

മറ്റൊരു മത്സരത്തില്‍ 33 പന്തില്‍ 67 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിങ്കു സിംഗിന്റെതകര്‍പ്പന്‍ പ്രകടനം കൊല്‍ക്കത്തയെ അവിശ്വസനീയ വിജയത്തിന്റെ വക്കിലെത്തിച്ചെങ്കിലും ലഖ്നൗ ഒരു റണ്ണിന് രക്ഷപ്പെടുകയായിരുന്നു. പത്തോവറില്‍ അഞ്ചിന് 73 ലേക്ക് തകര്‍ന്ന ശേഷം എട്ടിന് 176 റണ്‍സ് സ്‌കോര്‍ ചെയ്താണ് കൊല്‍ക്കത്തയെ ലഖ്നൗ കീഴടക്കിയത്. 30 പന്തില്‍ 58 റണ്‍സെടുത്ത നിക്കൊളാസ് പൂരാനും  21 പന്തില്‍ 25 റണ്‍സെടുത്ത ആയുഷ് ബദോനിയും  ആറാം വിക്കറ്റില്‍ 74 റണ്‍സ് ചേര്‍ത്തു. സ്പിന്‍ പിച്ചില്‍ കൊല്‍ക്കത്തക്ക് നല്ല തുടക്കമാണ് ലഭിച്ചത്. എന്നാല്‍ വെങ്കിടേഷിനെ കെ. ഗൗതം പുറത്താക്കിയ ശേഷം കൊല്‍ക്കത്തക്ക് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. എങ്കിലും റിങ്കു അവസാനം വരെ പൊരുതി. അവസാന രണ്ടോവറില്‍ 41 റണ്‍സടിച്ചെങ്കിലും കൊല്‍ക്കത്തക്ക് ഏഴിന് 175 ലെത്താനേ സാധിച്ചുള്ളൂ.

ഞായറാഴ്ച വാങ്കഡേ സ്റ്റേഡിയത്തില്‍ വമ്പന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ക്രിക്കറ്റ് ദൈവങ്ങള്‍ തുണച്ചില്ല. ഹൈദരാബാദിന്റെ 201 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നു. കാമറൂണ്‍ ഗ്രീന്‍ സെഞ്ചറിയുമായി മുന്നില്‍നിന്നു നയിച്ചപ്പോള്‍, 37 പന്തില്‍ 56 നേടി അര്‍ധ സെഞ്ചറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച പിന്തുണയേകി. 47 പന്തുകളില്‍നിന്ന് 100 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെനിന്നു.

ലീഗിലെ അവസാന മത്സരത്തില്‍ ഡുപ്ലെസിസും സംഘവും ഉയര്‍ത്തിയ 198 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി. മറുവശത്ത് വിരാട് കോലിയുടെ സെഞ്ചുറി പാഴായി. വിജയ് ശങ്കര്‍ 35 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഓപണര്‍ വൃദ്ധിമാന്‍ സാഹ 14 പന്തില്‍ 12 റണ്‍സും സംഭാവന ചെയ്തു. സ്‌കോര്‍ 25ലെത്തിയപ്പോഴേക്കും സാഹ പുറത്തായെങ്കിലും ഗില്‍ തെല്ലും പതറിയില്ല. മൂന്നാമനായെത്തിയ വിജയ ശങ്കറിനൊപ്പം ചേര്‍ന്ന് ഗില്‍ ടീമിനെ അതിവേഗത്തില്‍ വിജയതീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. എതിര്‍നിരയില്‍ പന്തെടുത്തവരെല്ലാം നന്നായി റണ്‍സ് വഴങ്ങിയപ്പോള്‍ ഗുജറാത്തിന് ജയം എളുപ്പമായി.


ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിലെത്താന്‍ രണ്ടവസരം ലഭിക്കും. ആദ്യ രണ്ടു സ്ഥാനങ്ങള്‍ ഉറപ്പാക്കിയ ചെന്നൈയും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും. ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ഈ മത്സരങ്ങളിലെ വിജയികള്‍ വെള്ളിയാഴ്ച രണ്ടാം ക്വാളിഫൈയറില്‍ മത്സരിക്കും. ഒന്നും രണ്ടും ക്വാളിഫൈയറുകളിലെ ജേതാക്കള്‍ തമ്മിലാണ് ഞായറാഴ്ച ഫൈനല്‍.