LogoLoginKerala

മൂന്നാം ടി20 സമനിലയിൽ; ന്യൂസിലന്‍റിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

 
india
161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റിൽ 75 റൺസ് എന്ന നിലയിൽ നിൽക്കേയാണ് മഴ മൂലം കളി നിർത്തിയത്

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മൂന്നാം മത്സരം മഴയെ തുടർന്ന് സമനിയലിൽ അവസാനിച്ചപ്പോൾ നേരത്തെ രണ്ടാം മത്സരം വിജയിച്ച ഇന്ത്യൻ ടീം പരമ്പര 1-0 ന് സ്വന്തമാക്കുകയായിരുന്നു. ആദ്യ കളി മഴ മൂലം ഉപേക്ഷിച്ചിരുന്നു. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റിൽ 75 റൺസ് എന്ന നിലയിൽ നിൽക്കേയാണ് മഴ മൂലം കളി നിർത്തിയത്. കളി നിർത്തുമ്പോൾ 18 പന്തില്‍ 30 റണ്‍സുമായി നായകന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയും 9 പന്തില്‍ 9 റണ്‍സുമായി ദീപക്ക് ഹൂഡയും ക്രീസിൽ ഉണ്ടായിരുന്നു.  

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ രണ്ടിന് 129 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് വന്‍ വീഴ്ച്ച വീണത്. ഡെവൺ കോൺവേയും (59) ഗ്ലെൻ ഫിലിപ്‌സും (54) നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് ടീം പൊരുതാവുന്ന സ്‌കോറിൽ എത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോൾ അര്‍ഷദീപ് സിംഗ് 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നൽകി. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും റിഷഭ് പന്തും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലാവുകയായിരുന്നു. പവര്‍പ്ലേയില്‍ തകർത്തടിച്ച ഹര്‍ദ്ദിക്കിന്റെ മികവിൽ ഇന്ത്യ 58 റണ്‍സെടുത്തു. മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് കിവി ബൗളര്‍മാരില്‍ തിളങ്ങിയത്.