നിപ രോഗ ഉറവിടം കണ്ടെത്തല്‍; വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം

കൊവിഡ്, നിപ സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തിലുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: നിപ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. ഇതിനായി കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് സംഘം വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വവ്വാലിനായി കെണിയൊരുക്കിയിരിക്കുന്നത്.

രോഗബാധ റിപ്പോര്‍ട്ട്ചെയ്ത ചാത്തമംഗലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുളള സര്‍വ്വേയില്‍ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നത് ആശ്വാസമേകുന്നുണ്ട്. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊവിഡ്, നിപ സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തിലുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.