LogoLoginKerala

ഷമിയുടെ ഏറിൽ പിടഞ്ഞു വീണു കങ്കാരുക്കൾ; സന്നാഹമത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം

 
ഷമിയുടെ ഏറിൽ പിടഞ്ഞു വീണു കങ്കാരുക്കൾ; സന്നാഹമത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം

ബ്രിസ്‌ബേൻ: ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 180 റൺസിന് ഓൾ ഔട്ടായി. 79 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ആദ്യ വിക്കറ്റിൽ തകർത്തടിച്ച മിച്ചൽ മാർഷും (35) ഓസീസിനായി തിളങ്ങി. ജയം ഉറപ്പിച്ച ഓസീസിനെ അവസാന രണ്ടു ഓവറിൽ ഇന്ത്യ വരിഞ്ഞു മുറുക്കുകയായിരുന്നു. അവസാന ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി ഷമി മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ ജയം ഉറപ്പിക്കുകയായിരുന്നു.

ഫിഞ്ചിനെ കാഴ്ചക്കാരനായി നിർത്തി അടിച്ചുതകർത്ത മിച്ചൽ മാർഷ് ഓസീസിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ആറാം ഓവറിൽ ഭുവനേശ്വർ കുമാർ മാർഷിന്റെ കുറ്റി തെറിപ്പിച്ചു. മൂന്നാമതെത്തിയ സ്റ്റീവ് സ്‌മിത്ത് (11) നെ ചാഹൽ വേഗം മടക്കിയെങ്കിലും മറുവശത്ത് ഫിഞ്ച് അടിച്ചു തകർത്തു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തതിൽ 11 റൺസ് മാത്രമാണ് സ്മിത്തിന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ ഫിഞ്ചിനൊപ്പം ചേർന്ന ഗ്ലെൻ മാക്സ്‌വൽ (23) 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഓസീസിന് പ്രതീക്ഷ നൽകിയെങ്കിലും മാക്സ്വെലിനെ ഭുവി മടക്കിയതോടെ ഓസീസ് പരുങ്ങലിലായി. പതിനെട്ടാം ഓവറിൽ മാർക്കസ് സ്റ്റോയിനിസ് (7)നെ കോഹ്‌ലിയുടെ കൈകളിലെത്തിച്ച് അർഷ്ദീപ് ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്തി.

എന്നാൽ അടിച്ചു തകർത്ത ഫിഞ്ചിനെ 19ആം ഓവറിലെ ആദ്യ പന്തിൽ ഹർഷൽ പട്ടേൽ മടക്കിയതോടെ ഇന്ത്യൻ ടീം ഉണർന്നു. തൊട്ടടുത്ത പന്തിൽ ടിം ഡേവിഡ് (5)നെ അസാധ്യമായ ഫീൽഡിങ്ങിലൂടെ കോഹ്ലി റണ്ണൗട്ട് ആക്കിയതോടെ ഓസീസ് ടീം വിയർത്തു. അവസാന ഓവറിൽ 11 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഓസീസിനെതിരെ മുഹമ്മദ് ഷമി ആദ്യ രണ്ട് പന്തിൽ രണ്ട് ഡബിളുകൾ വീതം വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ പാറ്റ് കമ്മിൻസിനെ (7) കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. നാലാം പന്തിൽ ആഷ്ടൺ ആഗർ (0) റണ്ണൗട്ടായപ്പോൾ അഞ്ചാം പന്തിൽ ജോഷ് ഇംഗ്ലിസിന്റെയും (1) അവസാന പന്തിൽ കെയിൻ റിച്ചാർഡ്സന്റെയും (0) കുറ്റി പറപ്പിച്ച് ഷമി ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 186 റൺസ് നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.