ബാബു ആന്റണിയുടെ ‘സാന്റാ മരിയ’ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധേയമാവുന്നു

ഒരു കയ്യില്‍ വീണയും, മറു കയ്യില്‍ ചോര വാര്‍ന്ന ചുറ്റികയുമായി ഒരു സോഫയില്‍ ഇരിക്കുന്ന സാന്റാ അപ്പൂപ്പനെയാണ് പോസ്റ്ററില്‍ കാണുന്നത്.

ക്ഷന്‍ കിംഗ് ബാബു ആന്റണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സാന്റാ മരിയയുടെ’ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധേയമാവുന്നു. നവാഗതനായ സംവിധായകന്‍ വിനു വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. സംവിധായകനും, തിരക്കഥാകൃത്തുമായ അമല്‍ കെ. ജോബിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്.

ഒരു കയ്യില്‍ വീണയും, മറു കയ്യില്‍ ചോര വാര്‍ന്ന ചുറ്റികയുമായി ഒരു സോഫയില്‍ ഇരിക്കുന്ന സാന്റാ അപ്പൂപ്പനെയാണ് പോസ്റ്ററില്‍ കാണുന്നത്. വ്യത്യസ്തമായ ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കകയാണ്. ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ആക്ഷന്‍ കിംഗ് ബാബു ആന്റണി മലയാളത്തിലേക്ക് നായകനായി തിരിച്ച് എത്തുന്നത്. നേരത്തെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമയില്‍ ബാബു ആന്റണി നായകനായി എത്തുന്നു എന്നതും സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട വാര്‍ത്തയായിരുന്നു.