24 C
Kochi
Monday, December 6, 2021

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം പ്രഹസനം; കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്ന് കുമ്മനം

Must read

എം. മനോജ്‌ കുമാര്‍ 

കൊലയ്ക്ക് ശേഷം നാലഞ്ചു കിലോമീറ്റര്‍ അകലെ കൊലയാളികളുടെ കാര്‍ കേടായിട്ടുണ്ട്; അത് പൊളിച്ച് വില്‍ക്കുന്ന സ്ഥലത്ത് എത്തിക്കാന്‍ വരെ കൊലയാളികള്‍ക്ക് സാവകാശം കിട്ടി. ഇതെല്ലാം പൊലീസ് കഴിവുകേടിന്റെ സാക്ഷ്യപത്രമാണ്‌; പോലീസിന്റെ  മുന്നില്‍ കൂടിയാണ് കൊലയാളി സംഘം കടന്നു പോയത്. ഗുരുതരമായ കൃത്യവിലോപമാണ് പോലീസിന്റെ ഭാഗത്ത് നിന്നും വന്നത്; രണ്ടു തവണ വധശ്രമത്തിനു ഇരയായ സഞ്ജിത്തിന് പ്രത്യേക നിരീക്ഷണത്തിനു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു; പട്ടാപ്പകല്‍ ഭാര്യയ്ക്കും നാട്ടുകാര്‍ക്കും മുന്നില്‍വെച്ച് കൊല ചെയ്യാന്‍ കൊലയാളികള്‍ക്ക് സാധിച്ചു. പൊലീസ് അതിനു അവസരം ഒരുക്കി; പോലീസ് അനാസ്ഥ വ്യക്തമാണ്; കുമ്മനം പറയുന്നു

പാലക്കാട്: സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം പ്രഹസനമെന്ന് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പത്ത് ദിവസം കഴിഞ്ഞിട്ടും കൊലപാതക വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. പോലീസിനു എല്ലാം അറിയാമായിരുന്നുവെന്ന കാര്യം വ്യക്തമാണ്.

രണ്ടു തവണ കൊലപാതക ശ്രമത്തില്‍ രക്ഷപ്പെട്ട സഞ്ജിത്തിനു നേരെ നടത്തിയ അക്രമികളെ പോലീസ് പിടികൂടിയില്ല. സഞ്ജിത്തിന്റെ ജീവന് സുരക്ഷ നല്‍കുകയും ചെയ്തില്ല. കൊലപാതകം ശ്രമം അറിഞ്ഞു മുന്നറിയിപ്പ് നല്‍കുന്നതില്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗവും ദയനീയമായി പരാജയപ്പെട്ടു.

കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം

പാലക്കാട് സഞ്ജിത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ലോഗിന്‍ കേരളയോടുള്ള പ്രതികരണത്തിലാണ് പോലീസ് അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ച് കുമ്മനം രംഗത്ത് വന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം-കുമ്മനം ആവശ്യപ്പെട്ടു.

കൊലയ്ക്ക് ശേഷം നാലഞ്ചു കിലോമീറ്റര്‍ അകലെ കൊലയാളികളുടെ കാര്‍ കേടായിട്ടുണ്ട്. അത് പൊളിച്ച് വില്‍ക്കുന്ന സ്ഥലത്ത് എത്തിക്കാന്‍ വരെ കൊലയാളികള്‍ക്ക് സാവകാശം കിട്ടി. ഇതെല്ലാം പൊലീസ് കഴിവുകേടിന്റെ സാക്ഷ്യപത്രമാണ്‌. എല്ലാ പോലീസിന്റെയും മുന്നില്‍ കൂടിയാണ് കൊലയാളി സംഘം കടന്നു പോയത്. ഗുരുതരമായ കൃത്യവിലോപമാണ് പോലീസിന്റെ ഭാഗത്ത് നിന്നും വന്നത്.

പൊലീസ് അനാസ്ഥ വ്യക്തം

രണ്ടു തവണ വധശ്രമത്തിനു ഇരയായ സഞ്ജിത്തിന് പ്രത്യേക നിരീക്ഷണത്തിനു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. രണ്ടു തവണ ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടയാളാണ് സഞ്ജിത്ത്.

പട്ടാപ്പകല്‍ ഭാര്യയ്ക്കും നാട്ടുകാര്‍ക്കും മുന്നില്‍വെച്ച് കൊല ചെയ്യാന്‍ കൊലയാളികള്‍ക്ക് സാധിച്ചു. പൊലീസ് അതിനു അവസരം ഒരുക്കി. എസ്ഡിപിഐ സംഘം ആര്‍എസ്എസിന് നേരെ നടത്തിയ മറ്റുള്ള കൊലപാതകങ്ങളില്‍ പോലീസ് അനാസ്ഥ വ്യക്തമാണ്. സിപിഎം-പോലീസ്-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തില്‍ നിലനില്‍ക്കുന്നു.

പോലീസും സര്‍ക്കാരും ഒരുക്കുന്ന അനുകൂല സാഹചര്യങ്ങളാണ് എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളത്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ തഴച്ചു വളരുകയാണ്. ഭീകരവാദ ശക്തികള്‍ക്ക് നേരെ ഉറച്ചതും ശക്തവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം.

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എവിടെ നിന്നാണ് പണം വരുന്നത് എന്ന ഉറവിടം സര്‍ക്കാര്‍ കണ്ടെത്തണം. തീവ്രവാദ പ്രസ്ഥാനങ്ങളെ സര്‍ക്കാര്‍ നിയന്ത്രണ വിധേയമാക്കണം- കുമ്മനം ആവശ്യപ്പെട്ടു. സഞ്ജിത്തിന്റെ വീട്ടിലെ സന്ദര്‍ശനത്തിനു ശേഷം ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് കുമ്മനം ഉദ്ഘാടനം ചെയ്തു.

More articles

Latest article