ഫെയ്‌സ്ബുക് പോസ്റ്റിനെച്ചൊല്ലി വീട്ടില്‍ക്കയറി അതിക്രമം; റിട്ട. എസ്‌ഐ അറസ്റ്റില്‍

ഇന്നലെ രാവിലെ അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി അസഭ്യം പറയുകയും തന്നെയും അമ്മയെയും ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു ശ്രീകുമാര്‍ പറഞ്ഞു.

കരുനാഗപ്പള്ളി: ഫെയ്‌സ്ബുക് പോസ്റ്റിനെച്ചൊല്ലി റിട്ട. ഗ്രേഡ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ക്കയറി ആക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ വീട്ടമ്മയ്ക്കും വിവരാവകാശ പ്രവര്‍ത്തകനായ മകനും പരുക്കേറ്റു. കേസില്‍ അറസ്റ്റിലായ റിട്ട. ഗ്രേഡ് എസ്‌ഐ ചവറ തോട്ടിനു വടക്ക് പുലരിയില്‍ അബ്ദുല്‍ റഷീദിനെ റിമാന്‍ഡ് ചെയ്തു.

ചവറ പുലിക്കിലഴികത്തു വീട്ടില്‍ നിന്ന് കല്ലേലിഭാഗം കല്ലുകടവ് കന്നേല്‍ പുത്തന്‍വീട്ടില്‍ താമസിക്കുന്ന അമ്മിണിയമ്മ (61), മകന്‍ വി.ശ്രീകുമാര്‍ (41) എന്നിവരാണു പരുക്കേറ്റു താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നലെ രാവിലെ അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി അസഭ്യം പറയുകയും തന്നെയും അമ്മയെയും ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു ശ്രീകുമാര്‍ പറഞ്ഞു.

മകനെ മര്‍ദിക്കുന്നതു കണ്ടു തടസ്സം പിടിക്കാന്‍ എത്തിയ അമ്മയെ പിടിച്ചുതള്ളി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്‌തെന്നും പറഞ്ഞു. വീട്ടില്‍ക്കയറി അക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, കൊല്ലുമെന്നു ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളിലാണു കേസ് എടുത്തതെന്നു പൊലീസ് പറഞ്ഞു.

അബ്ദുല്‍ റഷീദിനെതിരെ രണ്ടു ദിവസം മുന്‍പു ശ്രീകുമാര്‍ ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെത്തുടര്‍ന്നു ഫെയ്‌സ്ബുക്കില്‍ ഇവര്‍ തമ്മില്‍ വാക്‌പോരും നടന്നു. അബ്ദുല്‍ റഷീദിന്റെ ശങ്കരമംഗലത്തിനു കിഴക്കുഭാഗത്തുള്ള വസ്തുവുമായി ബന്ധപ്പെട്ടും വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പരാതിയും കേസും നടക്കുകയാണ്.

അക്രമികളുടേതെന്നു സംശയിക്കുന്ന 4 അടി നീളമുള്ള കമ്പിവടിയും ചെരിപ്പുകളും ശ്രീകുമാറിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബഹളം കേട്ടു സമീപവാസികള്‍ ഓടിക്കൂടുന്നതു കണ്ട് ഇവര്‍ വന്ന കാറില്‍ കടന്നുകളയുകയായിരുന്നു.